sd
കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉഷഃ പായസം ഭക്തജനങ്ങളാക്കായി മതിൽകെട്ടിനു പുറത്ത് വിതരണം ചെയ്യുന്നു. 2കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലൽ ഭക്തജനങ്ങളാക്കായി നടന്ന ഉഷഃ പായസ വിതരണം.

കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കരയോഗക്കാർക്ക് മാത്രം നൽകിയിരുന്ന ഉഷഃപായസം ഇന്നലെ ആദ്യമായി കരക്കാർക്ക് ജാതിഭേദമന്യേ ക്ഷേത്രമതിൽകെട്ടിന് പുറത്തുള്ള ഓഡിറ്റോറിയത്തിൽ വിതരണം ചെയ്തു. കരയോഗക്കാർ വിട്ടു നിന്നിട്ടും നാനൂറോളം ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൊലീസ് സുരക്ഷയിൽ വാങ്ങി. ക്ഷേത്രരേഖകളിൽ തിരുത്തൽ വരുത്തിയാണ് ഇത്രയും കാലം കരയോഗക്കാർക്ക് മാത്രം നൽകിയിരുന്നതെന്ന് കണ്ടെത്തിയതോടെയാണ് ആചാരം മാറ്റിയത്.

അതേസമയം, പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഉഷഃപായസത്തിന്റെ സ്വാദ് അറിയാവുന്ന പഴമക്കാർ ദേവസ്വം അധികൃതർ ഇന്നലെ വിതരണം ചെയ്തത് കൂട്ടുപായസമാണെന്ന് ആരോപിച്ചു.നെയ്യോ തേങ്ങയോ ആവശ്യത്തിന് ചേർത്തിരുന്നില്ല. അരി ശരിക്കു വെന്തില്ലെന്നായിരുന്നു പായസം തയ്യാറാക്കിയ കീഴ് ശാന്തി അജിത് പോറ്റിയുടെ മറുപടി. സബ് ഓഫീസർ വിക്രമൻ വാര്യർ പ്രതികരിക്കാൻ തയ്യാറായില്ല.ഈ സവിശേഷ പ്രസാദം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വിതരണം ചെയ്യാനായിരുന്നു ദേവസ്വം സബ് ഓഫീസറുടെ തീരുമാനം. മുഴുവൻ കരക്കാർക്കും ലഭിക്കണമെങ്കിൽ പുറത്തു വിതരണം ചെയ്യണമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ അനുകൂലിച്ച് പല പ്രമുഖരും പ്രതികരിച്ചതോടെയാണ് ആചാരം മാറ്റി ക്ഷേത്രത്തിന് പുറത്ത് ആദ്യമായി വിതരണം ചെയ്യുകയായിരുന്നു.

``പരമ്പരാഗത രീതിയിൽ തയ്യാറാക്കേണ്ട ഉഷഃപായസത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം കമ്മിഷണർക്ക് ഭക്തജനങ്ങൾ ഒപ്പിട്ട ഭീമഹർജി നൽകും''

-കെ.വി.വിജിത്ത്

മുൻ സെക്രട്ടറി, ക്ഷേത്രോപദേശ സമിതി

ഉഷഃപായസം ചേരുവ

(മൂന്നര കിലോ-ഒരു കൂട്ട് )

ഉണക്കലരി : 1.625 ലിറ്റർ

ശർക്കര : 3.200 കിലോ

കദളിപ്പഴം : 5

നാളികേരം : 5

നെയ്യ് : 0.320 ലിറ്റർ

വിറക് : 2.005കിലോ