ശാന്തൻ, സൗമ്യൻ
ചങ്ങനാശേരി : ശാന്തനും സൗമ്യനും സമാധാനപ്രിയനും സത്യസന്ധനുമായിരുന്നു സി.എഫ്.തോമസ് എം.എൽ.എയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. മതസൗഹാർദ്ദത്തിനായി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുമായി അടുത്തബന്ധം പുലർത്തിയിരുന്നെന്നും സുകുമാരൻനായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സത്യസന്ധനായ രാഷ്ട്രീയക്കാരൻ
നീതിബോധത്തോടും ധർമ്മനിഷ്ഠയോടും കൂടി പ്രവർത്തിച്ച സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു സി.എഫ് തോമസ് എം.എൽ.എയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ബോദ്ധ്യങ്ങളിൽ ഉറച്ചുനിന്നിരുന്ന സി.എഫ് സംസാരത്തിലും ഇടപെടലുകളിലും തികഞ്ഞ മാന്യത പുലർത്തുകയും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന കുലീന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിത്വം
40 വർഷക്കാലമായി ചങ്ങനാശേരിയുടെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി സുതാര്യവും സത്യസന്ധവുമായ പൊതുപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു സി.എഫിന്റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അദേഹത്തിന്റെ വിയോഗം കേരള കോൺഗ്രസിന് മാത്രമല്ല, യു.ഡി.എഫിനും വലിയ നഷ്ടമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം
കേരള രാഷ്ട്രീയത്തിലെയും കേരള കോൺഗ്രസ് പ്രസ്ഥാനത്തിലെയും സൗമ്യതയുടെയും ആദർശത്തിന്റെയും മുഖമായിരുന്നു സി.എഫെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. ഏറെ കാഴ്ചപ്പാടോടെ കഴിഞ്ഞ നാലുപതിറ്റാണ്ട് കാലം ചങ്ങനാശേരിയെ നയിച്ച സി.എഫിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കേരള കോൺഗ്രസിനും പ്രത്യേകിച്ച് കോട്ടയം ജില്ലയ്ക്കും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ധീരനായ നേതാവ്
ധീരനും സൗമ്യനും സത്യസന്ധനുമായ നേതാവായിരുന്നു സി.എഫെന്ന് എൻ.ഡി.എ ദേശീയ സമിതി അംഗം പി.സി.തോമസ് പറഞ്ഞു. വികസനകാര്യങ്ങളിൽ വലിയ ശ്രമങ്ങൾ നടത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.
മാതൃകയാക്കാവുന്ന ജീവിതം
പൊതുജീവിതത്തിൽ നല്ല മാതൃകകൾ നഷ്ടമാകുന്ന ഇക്കാലത്ത് പ്രാർത്ഥനാനിർഭരമായ സി.എഫിന്റെ ജീവിതം വരുന്ന തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒന്നാണെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. പാർട്ടിയുടെ ചെയർമാൻ പദവിയടക്കം ഉയർന്ന നേതൃപദവികൾ അലങ്കരിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.
നഷ്ടമായത് ഗുരുനാഥനെ
സൗമൃതയും ആത്മാർത്ഥതയും മുഖമുദ്രയാക്കിയ ഗുരുനാഥനെയാണ് സി.എഫ്. തോമസിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയുടെ എക്കാലത്തേയും സമ്മുന്നത നേതാക്കളിൽ ഒരാളായ അദ്ദേഹം ഒരുപാട് പേർക്ക് ഗുരുതുല്യൻ ആയിരുന്നു. പതിറ്റാണ്ടുകളോളം കെ.എം.മാണിയുടെ വലംകൈയായി പ്രവർത്തിച്ച അദ്ദേഹം കുടുംബത്തിന്റെ ഭാഗമായിരുന്നു. പ്രസ്താവനയെക്കാൾ പ്രവർത്തിയിലാണ് അദ്ദേഹം വിശ്വസിച്ചത്.
പൊതുമണ്ഡലത്തിലെ നിറസാന്നിദ്ധ്യം
ചങ്ങനാശേരിയുടെ പൊതുമണ്ഡലത്തിന്റെ നിറസാന്നിദ്ധ്യമായിരുന്നു സി.എഫ്.തോമസെന്ന് എസ്. എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പറഞ്ഞു. ചങ്ങനാശേരിയുടെ മതസൗഹാർദം കാത്തു സൂക്ഷിക്കുന്നതിൽ അദേഹം വലിയ പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ സ്‌നേഹിച്ചും അവർക്ക് അർഹമായ പരിഗണന നല്കുന്നതിലും ശ്രദ്ധാലുവായിരുന്നു. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിനു ഉടമയായിരുന്നു അദേഹം. ചങ്ങനാശേരി എസ്. എൻ.ഡി.പി യൂണിയന്റെ സമഗ്രമായ വളർച്ചയ്ക്കും എം.എൽ.എ എന്ന നിലയിൽ സഹായിച്ചിട്ടുണ്ട്.
പാവപ്പെട്ടവർക്കായി നിലകൊണ്ടു
സി.എഫിന്റെ വിയോഗം പൊതുജീവിതത്തിനു തീരാനഷ്ടമാണെന്ന് പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവ്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു. സൗമ്യമായ പെരുമാറ്റവും വിവാദങ്ങൾക്കിട നൽകാതെയുള്ള പ്രവർത്തനവും അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കി. എന്നും ശരിയുടെ ഭാഗത്ത് നിലകൊണ്ട അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്.