കോട്ടയം: കെ.എം.മാണിക്കു പിറകേ സി.എഫ് തോമസ് കൂടി യാത്രയായതോടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ രണ്ട് അതികായൻമാരുടെ വിടവാണ് ഉണ്ടായിരിക്കുന്നത്.
കെ.എം മാണി പ്രായോഗിക രാഷ്ടീയക്കാരനായിരുന്നെങ്കിൽ രാഷ്ടീയത്തിലെ സൗമ്യ മുഖമായിരുന്നു സി .എഫ് തോമസ്.
പാർട്ടിയിലെ പ്രതിസന്ധികളിൽ പരിഹാരത്തിനും സമവായത്തിനും സി.എഫിന്റെ ഇടപെടൽ കെ.എം.മാണിയും ആഗ്രഹിച്ചിരുന്നു . മാണിയുടെ മരണശേഷം പാർട്ടി പിളർന്നത് അദ്ദേഹത്തെ മാനസികമായി തളർത്തി.
ചെയർമാൻ മരിച്ചാൽ വർക്കിംഗ് ചെയർമാന് അധികാരമെന്ന ഭരണ ഘടന അനുസരിച്ചാണ് ജോസഫിനൊപ്പം നിന്നത്. രണ്ടില ചിഹ്നത്തിലല്ലാതെ ഇനി മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു .ഇടതു മുന്നണിക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നു വിട്ടു നിന്നിട്ടും സി.എഫ്.തോമസിനെതിരെ വിപ്പ് ലംഘനത്തിന് ജോസ് വിഭാഗം പരാതി നൽകാതിരുന്നതും ആദരവ് കൊണ്ടായിരുന്നു.
ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിലപാടുകളിൽ ഉറച്ച് നില്ക്കുന്ന പ്രകൃതമായിരുന്നു. കേരള കോൺഗ്രസ് പല തവണ പിളർന്നപ്പോഴും മാണിയുടെ മരണം വരെ 40 വർഷം അദ്ദേഹത്തിന്റെ വിശ്വസ്തനും വിനീതനുമായി നിന്നു. 'സി.എഫ് സാറെന്നേ കെ.എം മാണി എന്നും വിശേഷിപ്പിച്ചിരുന്നുള്ളൂ.
രാഷ്ട്രീയ സമുദായ വ്യത്യാസമില്ലാതെ ചങ്ങനാശേരിക്കാർ 40 വർഷം തുടർച്ചയായി വിജയിപ്പിച്ചത് എന്തിനും എപ്പോഴും സമീപിക്കാവുന്ന ജനകീയ നേതാവെന്ന പരിവേഷത്തിലായിരുന്നു. ക്രൈസ്തവ വിഭാഗത്തിനു മാത്രമല്ല എൻ.എസ് .എസ് ,എസ്.എൻ.ഡി.പി നേതൃത്വത്തിനും അഭിമതനായിരുന്നു .രാഷ്ടീയ ശത്രുക്കൾ ഇല്ലായിരുന്നു. ഇടതു നേതാക്കളുമായും പ്രവർത്തകരുമായും വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്നതിലും ശ്രദ്ധാലുവുമായിരുന്നു.
എ.കെ.ആന്റണി , ഉമ്മൻചാണ്ടി മന്ത്രി സഭകളിൽ പല വകുപ്പുകൾ കൈകാര്യം ചെയ്തിട്ടും അഴിമതി ആരോപണങ്ങളുണ്ടായില്ല. മന്ത്രിയായിട്ടും ലളിതജീവിത മായിരുന്നു . ഖദറിന്റെ പരിശുദ്ധി ജീവിതത്തിലുടീളം നിലനിറുത്തി. ആദർശ രാഷ്ട്രീയത്തിന്റെ സൗമ്യമുഖമായിരുന്നു എന്നും. രാഷ്ട്രീയം വ്യക്തി നേട്ടങ്ങൾക്ക് ഉപയോഗിക്കാത്തതിന് വലിയ തെളിവാണ് മക്കളുടെയും സാധാരണ ജീവിതം.