പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയുടെ സമഗ്രവികസനത്തിന് കളമൊരുങ്ങുന്നു. ഡോ.എൻ.ജയരാജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം.ബസ് സ്റ്റാൻഡ് പുനസ്ഥാപിക്കാനും ദേശീയപാതയിൽ നിന്നും നേരിട്ട് ഡിപ്പോയിലെത്തുന്നതിന് റോഡ് നിർമ്മിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും.അതോടൊപ്പം ഇപ്പോൾ വർക്ക്‌ഷോപ്പ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി ആധുനീകസൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കും.
നിലവിലുള്ള ഓഫീസുകളും വെയിറ്റിംഗ് ഷെഡ്ഡും പഴയ കെട്ടിടത്തിലാണ്. ഇത് പൊളിച്ചുപണിയുന്ന കാര്യം പരിഗണനയിലാണ്.എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഡിപ്പോ നവീകരണത്തിനുള്ള തുക അനുവദിക്കുമെന്ന് ഡോ.എൻ.ജയരാജ് അറിയിച്ചു.ദേശീയപാതയിൽ നിന്നും നൂറുമീറ്റർ ദൂരത്തിലാണ് ഡിപ്പോ സ്ഥിതിചെയ്യുന്നതെങ്കിലും ദേശീയപാതയിൽനിന്നും ഇവിടേക്ക് നേരിട്ടെത്താൻ വഴിയില്ലാത്തതാണ് ഡിപ്പോയുടെ പതനത്തിനു കാരണം.40 വർഷം മുമ്പ് അന്ന് ഗതാഗതവകുപ്പുമന്ത്രിയായിരുന്ന കെ.നാരായണക്കുറുപ്പാണ് പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോ സ്ഥാപിച്ചത്.തുടക്കത്തിൽ ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡും,യാത്രക്കാർക്കാവശ്യമായ അനുബന്ധസൗകര്യങ്ങളും ,കാന്റീനും എല്ലാം ഉണ്ടായിരുന്നു. ഇന്നതെല്ലാം ഓർമ്മ മാത്രം.ഇന്ന് യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.ബസിൽ കയറണമെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പോയി നിൽക്കണം.
ദേശീയപാതയിലൂടെയെത്തുന്ന ബസ്സുകൾ പി.പി.റോഡിലുള്ള ബസ്് സ്റ്റാന്റിൽ എത്താൻ കൂടുതൽദൂരം കറങ്ങിത്തിരിയണമെന്ന കാരണം പറഞ്ഞാണ് ബസ് സ്റ്റാന്റ് നിറുത്തലാക്കിയത്.നേരിട്ട് പാത നിർമ്മിക്കുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും.പക്ഷേ ഡിപ്പോ വികസനമെന്ന നാട്ടുകാരുടെ ചിരകാലസ്വപ്‌നം ഫലിക്കണമെങ്കിൽ റോഡ് നിർമ്മാണത്തിന് സ്ഥലം കണ്ടെത്തണം.ചില സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയുമൊക്കെയാണ് തൊട്ടടുത്തുള്ള പുരയിടങ്ങൾ.ഇവരിലാരെങ്കിലും കനിഞ്ഞാൽ മാത്രമേ ദേശീയപാതയിൽനിന്നുള്ള വഴി യാഥാർത്ഥ്യമാകു.അതിനുള്ള ശ്രമം നടത്താനും എത്രയും വേഗം സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനുമാണ് യോഗതീരുമാനം. എ.ടി.ഒ എസ്.രമേശ്,എ.ഡി.ഒ അഭിലാഷ്,ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.എസ്.ജയരാജ്, കെ.സജീവ്, പി.പി.അൻസാരി, ടി.കെ.പ്രേംകുമാർ, അനീഷ്‌കുമാർ, പി.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.