കോട്ടയം: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നവജീവൻ ട്രസ്റ്റിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നവജീവൻ ട്രസ്റ്റിൽ എൺപതോളം പേർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും അർപ്പൂക്കര പഞ്ചായത്തിന്റെയും നിർദേശാനുസരണം രോഗികളെ നവജീവനിൽ തന്നെ പരിചരിക്കുകയാണ്. നിലവിൽ 215 പേരെയാണ് നവജീവനിൽ പരിചരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന ഭക്ഷണ വിതരണം കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. ഒക്‌ടോബർ ആദ്യം മുതൽ ഇത് പുനരാരംഭിക്കും. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം നവജീവനിൽ ക്യാമ്പ് ചെയ്ത് രോഗികളുടെ ആരോഗ്യ നില വിലയിരുത്തുന്നുണ്ട്.