കോട്ടയം : ഖദറിന്റെ വിശുദ്ധി പാലിക്കുന്നവർ രാഷ്ട്രീയജീവിതത്തിൽ അന്യം നിന്നുപോകുന്ന കാലത്താണ് സി.എഫ്. തോമസിന്റെ വിടവാങ്ങൽ ശ്രദ്ധേയമാകുന്നത്. പാലാ മണ്ഡലത്തെ കെ.എം.മാണി അരനൂറ്റാണ്ടിലേറെ കാലത്തോളം കൈവെള്ളയിൽ സൂക്ഷിച്ചത് പോലായിരുന്നു സി.എഫ് നാല് പതിറ്റാണ്ട് ചങ്ങനാശേരിയെ പരിപാലിച്ചത്. വലിയ വികസനമൊന്നും ഇല്ലെങ്കിലും ചങ്ങനാശേരിക്കാർക്ക് സി.എഫിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.
അത് എളിമ നിറഞ്ഞ സ്വഭാവ മഹിമ കൊണ്ടായിരുന്നു. സി.പി.എം പല സ്ഥാനാർത്ഥികളെ സി.എഫിനെതിരെ പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. ജനകീയ കമ്മ്യൂണിസ്റ്റായ വി.ആർ.ഭാസ്ക്കരനെയും ജനകീയ ഡോക്ടറായ ബി.ഇക്ബാലിനെയും വരെ മാറി മാറി പരീക്ഷിച്ചു. കഴിഞ്ഞ തവണ കേരളകോൺഗ്രസിൽ സി.എഫിനൊപ്പം നിന്ന മുൻ കുട്ടനാട് എം.എൽ.എ ഡോ.കെ.സി ജോസഫിനെ വരെ പരീക്ഷിച്ചിട്ടും 'ചങ്ങനാശേരിയിൽ ലീഡ് കുറയ്ക്കാനാവും പക്ഷെ എന്നെ തോൽപ്പിക്കാനാവില്ല മക്കളെ' എന്നു പറഞ്ഞു തൊഴുകൈയോടെ നിൽക്കുകയായിരുന്നു സി.എഫ്.
കെ.എം. മാണിയുടെ പിന്നിൽ എന്നും ഉറച്ചു നിന്ന സി.എഫിനെയായിരുന്നു കെ.എം മാണി പാർട്ടി പ്രതിസന്ധികളിൽ എന്നും മീഡിയേറ്ററാക്കിയിരുന്നത്. ബാർ കോഴ വിവാദം അന്വേഷിക്കാൻ കെ.എംമാണി ചുമതലപ്പെടുത്തിയ പാർട്ടി കമ്മിറ്റിയുടെ ചെയർമാനും സി.എഫായിരുന്നു. കമ്മിറ്റി കൂടിയെങ്കിലും റിപ്പോർട്ടായില്ല. എന്നാൽ റിപ്പോർട്ട് തയ്യാറായെന്ന വ്യാജേന ചിലർ മാദ്ധ്യമങ്ങൾക്ക് ഇല്ലാത്ത റിപ്പോർട്ട് നൽകിയപ്പോൾ അത് തള്ളി പ്പറഞ്ഞ് സി.എഫ് രംഗത്തു വന്നത് കെ.എം.മാണിയോടുള്ള വിശ്വാസ്യത കൊണ്ടായിരുന്നു. മാണി ചെയർമാനായപ്പോൾ സി.എഫെന്നും ഡെപ്യൂട്ടി ചെയർമാൻ ആകും. ജോസഫ് ഗ്രൂപ്പ് ലയിക്കുന്നതിന് മുമ്പ് കെ.എം മാണി മന്ത്രിയായാൽ അടുത്ത മന്ത്രി സി.എഫായിരുന്നു. ഇങ്ങനെ മാണിയുടെ വിശ്വസ്തനായ സി.എഫ് കെ.എം.മാണിയുടെ മരണ ശേഷം മാത്രമാണ് ജോസഫ് ഗ്രൂപ്പിനോപ്പം പോയത്. അതും തന്നെ അവഗണിക്കുന്നുവെന്ന് മനസിലാക്കി. 'രണ്ടില ചിഹ്നത്തിനൊപ്പമാണ് എന്നും താനെന്ന് പറഞ്ഞ സി.എഫ് രണ്ടില ചിഹ്നമില്ലെങ്കിൽ താൻ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ചെയർമാൻ മരിച്ചാൽ വർക്കിംഗ് ചെയർമാന് അധികാരമെന്ന പാർട്ടി ഭരണ ഘടന ഉൾക്കൊണ്ടാണ് വർക്കിംഗ് ചെയർമാനായ പി.ജെ ജോസഫിനൊപ്പം ആദർശത്തിൽ ഉറച്ച് സി.എഫ്. പോയത്.
നാലു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് പത്തുപൈസ സി.എഫ് സമ്പാദിച്ചുവെന്ന് എതിരാളികൾ പോലും പറയില്ല. മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സദാ ധരിക്കുന്ന ഖദറിന്റെ വെൺമ പോലെയായിരുന്നു ഏഴര പതിറ്റാണ്ടോളം നീണ്ട ജീവിതവും. എന്നും കേരളകൗമുദിയുടെ ഉറ്റമിത്രമായിരുന്നു. ചങ്ങനാശേരിയിൽ കേരളകൗമുദിയുടെ എന്തു പരിപാടി സംഘടിപ്പിച്ചാലും സി.എഫായിരുന്നു മുഖ്യാതിഥി.