ചങ്ങനാശേരി : മദ്ധ്യകേരളത്തിലെ രാഷ്ട്രീയക്കാരിൽ അഴിമതിരഹിതനായ എളിമയുടെ ആൾരൂപം, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരോട് വരെ പുഞ്ചിരിയോടെ സംസാരിക്കുന്നയാൾ...ഇതൊക്കെയാണ് ചങ്ങനാശേരിക്കാർക്ക് സി.എഫ്.തോമസ് എന്ന അവരുടെ പ്രിയപ്പെട്ട സി.എഫ്.സാറിനെ കുറിച്ച് പറയാനുള്ളത്. അത്രമേൽ അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ചേക്കേറി. ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിലെ ആദ്യ പ്രഭാത കൂർബാനയിൽ പങ്കെടുത്ത് തുടങ്ങുന്ന പ്രവർത്തനം രാത്രി വൈകിവരെ തുടരും. പാർട്ടിക്കാരും അല്ലാത്തവരുമായ ആയിരങ്ങളെ നേരിൽക്കണ്ട് അവരുടെ പരിദേവനങ്ങൾ കേട്ടിരിക്കും. ഇതിൽ സ്വന്തം പാർട്ടി എന്ന പരിഗണനയോ തന്റെ നിയോജക മണ്ഡലം എന്ന പരിഗണനയോ നോക്കാതെയാവും പ്രശ്‌ന പരിഹാരങ്ങൾ. രണ്ട് തവണ മന്ത്രിയായും ഒൻപത് തവണ ജനപ്രതിനിധിയുമായിരുന്ന വ്യക്തിയാണങ്കിലും സർക്കാർ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശം നൽകുന്ന കാഴ്ച കാണാനാവില്ല. എത് ഉദ്യോഗസ്ഥനോടും വിനീതനായാണ് സംസാരിക്കുക.
രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടാലും മറ്റ് പൊതു പ്രവർത്തകർക്കും മാതൃകയാകുന്ന രീതിയിലാണ് അദേഹം പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നത്. കൊവിഡ് മഹാമാരിയിലും തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
1980 ൽ കേരളാ കോൺഗ്രസുകളുടെ പിളർപ്പിനെ തുടർന്നായിരുന്നു. കെ.എം.മാണിയടക്കമുള്ളവർ ഇടതുമുന്നണിയിലെത്തിയത്. അന്ന് കരുത്തനായ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ചാക്കോ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥിയായിരുന്ന സി.എഫ് തോമസിനോട് 2000 വോട്ടിനാണ് അടിയറവ് പറഞ്ഞത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല മണ്ഡലം സി.എഫിന് സ്വന്തം. സി.എഫിനെതിരെ രൂക്ഷമായ ഒരു പ്രതിഷേധ സ്വരവും പ്രതിപക്ഷകക്ഷികൾ നടത്തിയിട്ടില്ല. സദാസമയവും ജനസേവനവുമായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന സി.എഫിന് മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാവുന്ന ബന്ധമാണ്. ചെന്നിക്കര വീട്ടിലെ സജീവമായ മുറിയിൽ ഒഴിഞ്ഞ കസേരയും ഒരു പാട് ജനങ്ങളുടെ ഹൃദയ നൊമ്പരങ്ങൾ പകർത്തിയ നിവേദന കൂമ്പാരവും മാത്രം ബാക്കിയാക്കായാണ് അദ്ദേഹം യാത്രയായത്.