snake
കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ബൈക്കിന്റെ വൈസറില്‍ നിന്നു ചത്ത നിലയില്‍ കണ്ടെത്തിയ പാമ്പ്.

കട്ടപ്പന: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പിന് 'ദാരുണാന്ത്യം.' ഇന്നലെ കട്ടപ്പന നഗരത്തിൽ അപകടത്തിൽപെട്ട ബൈക്കിന്റെ വൈസറിനിടയിൽ നിന്നാണ് മോതിരവളയൻ പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ബൈക്ക് യാത്രികൻ കട്ടപ്പന സ്വദേശി കുഞ്ഞുമോനും(35) ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെ കട്ടപ്പനഇരട്ടയാർ റോഡിലാണ് അപകടം. കുഞ്ഞുമോൻ ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലായിരുന്നു. തെറ്റായ ദിശയിലൂടെ ബൈക്ക് പാഞ്ഞുവരുന്നത് കണ്ട് കാർ നിർത്തിയിട്ടെങ്കിലും ഇടിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. മുൻവശം പൂർണമായി തകർന്ന ബൈക്ക് റോഡിൽ നിന്നു മാറ്റുന്നതിനിടെയാണ് ഇടിയുടെ ആഘാതത്തിൽ ചത്ത പാമ്പിനെ കണ്ടത്. ബൈക്ക് നിർത്തിയിപ്പോൾ, പുറത്തെ കൊടുംചൂടിൽ നിന്നു രക്ഷപെടാനെന്നോണം വൈസറിനുള്ളിൽ കയറിക്കൂടിയതാകണം. ഒടുവിൽ ചത്ത പാമ്പിനെ നാട്ടുകാർ കുഴിച്ചിട്ടു.