ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തമായി. 1961 ൽ ഒരു സ്വകാര്യ വ്യക്തി സംഭാവന ചെയ്ത രണ്ടേകാൽ ഏക്കർ സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. തുടക്കകാലം മുതൽ 10 കിടക്കകളോടുള്ള ഐ.പി.യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ തിടനാട്, തലപ്പുലം, പൂഞ്ഞാർ,തീക്കോയി എന്നിവിവിങ്ങളിൽ നിന്നു പോലും ഇവിടെ ചികിത്സ തേടി എത്തിയിരുന്നു.
1986ൽ പ്രാഥമികാരോഗ്യ കേന്ദ്രമാക്കിയതോടെയാണ് ആശുപത്രിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. ഐ.പി യൂണിറ്റിന്റെ കിടക്കകളും ബഡ്ഡുകളും കൂട്ടിക്കൽ ഗവ: ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാൽ ഇതിനെതിരെ ഒട്ടേറെ സമരങ്ങൾ നടന്നെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. 2007ൽ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപാ മുടക്കി ഐ.പി.വിഭാഗം നിർമ്മിച്ചിരുന്നു. 2013ൽ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി 25 കിടക്കകളുള്ള ഐ.പി.
യൂണിറ്റും ഒരുക്കിയിരുന്നു. കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് 2017ൽ ഈരാറ്റുപേട്ട നഗരസഭ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചിരുന്നു. 2019ൽ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടെങ്കിലും വിധി നടപ്പായില്ല.
തുടർന്ന് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും മഹല്ല് കമ്മറ്റിയും സംയുക്ത യോഗം ചേർന്ന് മുഖ്യമന്ത്രി, ആരാഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. മുസ്ലീം യൂത്ത് ലീഗ് ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ സമരം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല.