കട്ടപ്പന: ബി.എം.എസ്. അനുകൂലിയായ നിർമാണ തൊഴിലാളിയെയും അംഗപരിമിതനായ സുഹൃത്തിനെയും മർദിച്ചതായി പരാതി. നിർമാണ തൊഴിലാളി പാറക്കടവ് ഹിൽടോപ്പ് സ്വദേശി സജി മാത്യു, കല്ലുകുന്ന് പുത്തൻപുരയ്ക്കൽ പ്രകാശ് എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രി ലോഡ്ജ് മുറിയിൽ മർദനമേറ്റത്. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി.ഐ.ടി.യു യൂണിയൻ കൺവീനറായിരുന്ന സജി മാത്യു തൽസ്ഥാനം രാജിവച്ച് ബി.എം.എസിൽ ചേർന്നിരുന്നു. തുടർന്ന് സി.പി.എമ്മിൽ നിന്നു ഭീഷണി ഉണ്ടായിരുന്നതായും സജി ആരോപിച്ചു. ലോഡ്ജ് മുറിയിൽ ഇരിക്കുമ്പോൾ ആറോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രകാശിന്റെ വലത് ചെവിക്കും കാലിനും സാരമായി പരിക്കേറ്റു. സജി മാത്യുവിന്റെ ശരീരത്തും ക്ഷതമേറ്റിട്ടുണ്ട്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.എം.എസ്. നഗരത്തിൽ പ്രകടനം നടത്തി.