കുറവിലങ്ങാട് : കുറവിലങ്ങാട് 400 കെ.വി വൈദ്യുതി സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒക്ടോബർ 5ന് തുടക്കമാകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ സബ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ 400 കെ.വി ഗ്യാസ് ഇൻസലേറ്റഡ് സബ് സ്റ്റേഷനാണ് കുറവിലങ്ങാട് കേന്ദ്രമായി യാഥാർത്ഥ്യമാകുന്നത്. 130 കോടി രൂപയാണ് നിർമാണചിലവ്. കോട്ടയം, ആലപ്പുഴ ജില്ലകൾക്കും സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ പ്രയോജനം പൂർണമായും ലഭിക്കും.
നിർമ്മാണ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ തീരുമാനിക്കുന്നതിന് ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് പഞ്ചായത്ത് ഹാളിൽ ആലോചനായോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.