road
തകര്‍ന്നുകിടക്കുന്ന പള്ളിപ്പടി-ഇടിഞ്ഞമല റോഡ്.

കട്ടപ്പന: പൂർണമായി തകർന്ന പള്ളിപ്പടിഇടിഞ്ഞമല റോഡിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പള്ളിപടി മുതൽ ഇടിഞ്ഞമല വരെയുള്ള രണ്ടുകിലോമീറ്റർ ദൂരം മൂന്നുവർഷത്തിലധികമായി തകർന്നുകിടക്കുകയാണ്. ടാറിംഗ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹന ഗതാഗതം ദുഷ്‌കരമായി. കുഴിയിൽ അകപ്പെടുന്ന വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് തള്ളിക്കയറ്റുന്നത്. രോഗികളെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാർ ആരോപിച്ചു. കൊച്ചുകാമാക്ഷിപുഷ്പഗിരി പാതയുടെ ഭാഗമായ റോഡ് കാമാക്ഷി, ഇരട്ടയാർ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം ടാക്‌സി വാഹനങ്ങൾ പോലും ഇവിടേയ്ക്ക് വരുന്നില്ല. നിരവധി തവണ പരാതി നൽകിയിട്ടും ജനപ്രതിനിധികൾ അടക്കമുള്ളവർ റോഡിന്റെ അവഗണിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഇതോടെയാണ് വോട്ട് ബഹിഷ്‌കരണം അടക്കമുള്ള പ്രതിഷേധത്തിന് ഒരുങ്ങുന്നത്.