road

പാലാ: യാത്രാസുഖം നൽകുന്ന ഈടുറ്റ റോഡുകൾ എന്ന ഖ്യാതിയോടെ നീണ്ടുനിവർന്നു കിടന്ന പാലായുടെ റോഡുകളിൽ കുഴികൾ. നന്നാക്കാൻ ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പ് തന്നെ റോഡിൽ അപകട സൂചനാ ബോർഡ് സ്ഥാപിച്ചു, ''അപകടകരമായ കുഴിയുള്ളതിനാൽ വാഹനങ്ങൾ വേഗത കുറച്ചു പോവുക "!. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറാണ് ബോർഡ് സ്ഥാപിച്ചത്. ഗ്രാമീണ റോഡുകൾ പോലും അന്തർദേശീയ നിലവാരത്തിലുള്ള ബി.എം.& ബി.സി. ടാറിംഗോടെയുള്ള, കഴിഞ്ഞ പത്ത് വർഷമായി കുഴിയില്ലാ റോഡുകളുടെ നാട് എന്ന പേരിലാണ് പാലാ അറിയപ്പെട്ടിരുന്നത്. കാലോചിതമായ അറ്റകുറ്റണികൾ യഥാസമയം നടക്കാത്തതാണ് റോഡുകളുടെ ഈട് ഇല്ലാതാക്കിയത്. തകർന്ന ഗ്രാമീണ റോഡുകൾ ഉടൻ റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ കുഞ്ഞുമോൻ മാടപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യൂത്ത്ഫ്രണ്ട് (എം) യോഗം തീരുമാനിച്ചു.

തകർന്ന് കൊല്ലം ഒന്നായിട്ടും

റീടാറിംഗ് ഇല്ല

പത്ത് വർഷം മുൻപ് ജോസ്.കെ.മാണി എം.പിയുടെ ശ്രമഫലമായി ദേശീയപാതാ വിഭാഗം കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച പാലാ- രാമപുരം - കൂത്താട്ടുകുളം റോഡ് ഇന്ന് തകർന്നു കൊണ്ടിരിക്കയാണ്. പാലാ നഗരത്തിലെ പ്രധാന പാതകളും തകർന്നു. നഗരഹൃദയത്തിൽ സ്റ്റേഡിയം ജംഗ്ഷനിലാണ് റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്ത് കെ.എസ്.ടി.പി റീ ടാർ ചെയ്ത ശേഷമാണ് ഈ ഭാഗം തുടർച്ചയായി തകരുന്നത്‌. പൈപ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി, ടെലിഫോൺ കേബിൾ സ്ഥാച്ചിക്കുന്നതിനും ആയി വെട്ടിപ്പൊളിച്ച ബി.എം & ബി.സി റോഡുകൾ പോലും റീടാർ ചെയ്യുന്നില്ല. പാലാ- കോഴ റോഡിൽ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷൻ മുതൽ നെല്ലിയാനി വരെ വെട്ടിപ്പൊളിച്ചതിന്റെ വാർഷികം ആഘോഷിച്ചിട്ടും റീടാറിംഗ് നടത്തിയിട്ടില്ല. ഈ റോഡിൽ ഇരുനിര വാഹനയാത്ര ദുഷ്കരമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഗ്രാമീണ റോഡുകൾ ഭൂരിഭാഗവും തകർന്നു കൊണ്ടിരിക്കുന്നു.

പദ്ധതികളും ഇല്ല

പുതിയ റോഡ് വികസന പദ്ധതികൾ ഒന്നും പാലാ മേഖലയിൽ അനുവദിക്കപ്പെടുന്നില്ല. കഴിഞ്ഞ ബജറ്റിലും പുതിയ റോഡ് പദ്ധതികൾ ലഭിച്ചില്ല. മുൻ ധനകാര്യ മന്ത്രി കെ.എം മാണി പ്രത്യേക പരിഗണനയിൽ ഭരണാനുമതി നൽകിയ നിരവധി പദ്ധതികൾക്ക് തുടർ നടപടികൾ ഉണ്ടാകുന്നില്ല. ഭൂഉടമകളും ഭൂമി വിട്ടു നൽകുന്നതിന് സമ്മതപത്രം നൽകിയ പാലാ റിംഗ് റോഡ് രണ്ടാം ഘട്ടത്തിന് നടപടികളും കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായിട്ടില്ല. രണ്ടാം ഘട്ട റിംഗ് റോഡ് പദ്ധതിക്കായി നിർമിക്കപ്പെട്ട കളരിയാം മക്കൽ കടവ് പാലം കടക്കണമെങ്കിൽ മറുകരക്കാർ ഇനിയും കാത്തിരിക്കണം. ഭരണാനുമതി ലഭിച്ച് ഭൂമി ഏറ്റെടുക്കലിന് വേണ്ടി കല്ലിട്ട് തിരിച്ച മൃത്തോലി - ഭരണങ്ങാനം സമാന്തര റോഡ് പദ്ധതിയും വെള്ളാപ്പാട് ബൈപാസും, അരുണാപുരം - പാറേക്കണ്ടം, ജനറൽ ആശുപത്രി - പുത്തൻപള്ളികുന്ന് റോഡ് പദ്ധതികളും തുടർ നടപടികളുണ്ടായിട്ടില്ല.

പ്രധാന റോഡുകളിൽ അപകടകരമായ വിധം രൂപപ്പെട്ടിരിക്കുന്ന കുഴികൾ അറ്റകുറ്റപണി നടത്തി അപകട സ്ഥിതി ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം

ജയ്സൺ മാന്തോട്ടം

പാസഞ്ചേഴ്സ് അസാസിയേഷൻ നിർവ്വാഹക സമിതി