കോട്ടയം: ഏലക്കയ്ക്ക് നിറം ലഭിക്കാനും അതുവഴി ഗ്രേഡ് ഉയർത്താനും കെമിക്കൽ പ്രയോഗം. മാരക വിഷമായ സോഡി ബൈ കാർബണേറ്റ്, പൊട്ടാസ്യം കാർബണേറ്റ് അടക്കമുള്ള കെമിക്കലുകളാണ് പച്ച ഏലക്കയിൽ പ്രയോഗിക്കുന്നത്. ഇത്തരത്തിൽ ഉണക്കിയെടുക്കുന്ന ഏലക്ക ഉപയോഗിച്ചാൽ മനുഷ്യരുടെ നാഡീഞരമ്പുകളെ മാരകമായി ബാധിക്കും. കഴിഞ്ഞ ദിവസം ഏലക്ക സംസ്കരണകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക വിഷം പ്രയോഗിക്കുന്നത് കണ്ടെത്തിയത്. ഭക്ഷ്യ ഉത്പ്പന്നങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത കെമിക്കലുകളാണിവ.
മാർക്കറ്റിൽ കൂടുതൽ വില ലഭിക്കാനായി ഏലക്കായ്ക്ക് കൂടുതൽ കളർ കിട്ടാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. പച്ച ഏലക്ക പെട്ടെന്ന് ഉണങ്ങികിട്ടുകയും ചെയ്യും. ഇതാണ് കർഷകർ ഈ മാരക വിഷം ചേർത്ത് ഉണക്കാൻ കാരണം. എന്നാൽ ഇതിന്റെ ഭവിഷത്ത് മിക്ക കർഷകർക്കും അറിയില്ല.
ക്വാളിറ്റി കുറഞ്ഞ ഏലക്ക ഈ വിഷം ചേർത്ത് ഉണക്കിയാൽ ഫസ്റ്റ് ക്വാളിറ്റി ആണെന്നേ തോന്നു. ഇതിനാലാണ് കർഷകർ ഇത് കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. അടുത്ത കാലത്താണ് ഇത്തരം കെമിക്കലുകൾ കർഷകർ ഉപയോഗിച്ചുതുടങ്ങിയതെന്നാണ് സ്പൈസസ് ബോർഡിന് ലഭിച്ച വിവരം. ഇതേ തുടർന്നാണ് കഴിഞ്ഞദിവസം പുറ്റടി കേന്ദ്രമാക്കി ഏലക്ക ഉണക്കൽ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
പുറ്റടി സ്പൈസസ് പാർക്ക് ഡപ്യൂട്ടി ഡയറക്ടർ കെ.ജഗൻനാഥൻ, അസി. ഡയറക്ടർ വി.വി ജിഷ്ണ, ഭക്ഷ്യ സുരക്ഷ പരിശോധന വിഭാഗം ഓഫീസർ ആൻമരിയ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെല്ലാർകോവിൽ, അണക്കര, മൈലാടുംപാറ, ചക്കുപള്ളം, വണ്ടൻമേട് തുടങ്ങി പുറ്റടി സ്പൈസസ് പാർക്കിനോട് ചേർന്നുള്ള പത്തോളം ഏലക്ക ഉണക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ ഏതാനും സ്ഥലത്ത് മാത്രമാണ് മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ച് ഏലക്കായുടെ നിറവ്യത്യാസം വരുത്തുന്നതായി കണ്ടെത്തിയത്. വളരെയധികം വീര്യം കുടിയ സോഡി ബൈ കാർബണേറ്റ്, പൊട്ടാസ്യം കാർബണേറ്റ് അടക്കമുള്ള കെമിക്കലുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.
ഏലയ്ക്ക വേഗത്തിൽ ഉണങ്ങി കിട്ടുന്നതിനായി ഉപയോഗിക്കുന്ന ഓയിലുകളിലാണ് പൊട്ടാസ്യം കാർബണേറ്റ് ചേർക്കുന്നത്. ഇതോടെ കായ വീർത്ത് ഫസ്റ്റ് ക്വാളിറ്റിയുടെ രൂപത്തിലാവും. ഇത് പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. വരുംദിവസങ്ങളിലും പരിശോധന തുടരും.
കെ.ജഗൻനാഥൻ,
സ്പൈസസ് പാർക്ക് ഡപ്യൂട്ടി ഡയറക്ടർ