covid-hospital

കോട്ടയം : കൊവിഡ് തീവ്രവ്യാപനം പ്രതിരോധിക്കാൻ വികേന്ദ്രീകൃത സംവിധാനവുമായി ആരോഗ്യവകുപ്പ്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കും കൊവിഡ് ആശുപത്രിക്കും ഇടയിൽ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കൂടി ജില്ലയിൽ ഉടൻ ആരംഭിക്കും. കൂടുതൽ പേർക്ക് ചികിത്സ ഉറപ്പാക്കുകയാണ് എസ്.എൽ.ടി.സിയുടെ ലക്ഷ്യം. ഉഴവൂർ, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലായി 450 കിടക്കകളുള്ള എസ്.എൽ.ടിസികളാണ് പ്രവർത്തിക്കുക.

പ്രവർത്തനം ഇങ്ങനെ

കൊവിഡ് ബാധിതരിൽ കാര്യമായ കുഴപ്പങ്ങളില്ലാത്തവരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ് പ്രവേശിപ്പിക്കുക. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലാക്കും. അതീവശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരെ കൊവിഡ് ആശുപത്രിയിലും പ്രവേശിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരെ വീട്ടിൽ കഴിയാൻ അനുവദിക്കുന്നുണ്ട്.

ചികിത്സാ കേന്ദ്രങ്ങളുടെ സജ്ജീകരണം
ഓരോ കേന്ദ്രത്തിലും കുറഞ്ഞത് ഒരു നോഡൽ ഓഫീസർ ഉൾപെടെ 4 ഡോക്ടർമാർ, 3 സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ശുചീകരണത്തൊഴിലാളികൾ
മേൽനോട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ/താലൂക്ക് ആശുപത്രി സൂപ്രണ്ട്, തദ്ദേശസ്ഥാപന പ്രതിനിധി, തഹസിൽദാർ എന്നിവരടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റിക്ക്.

''കൊവിഡ് പ്രതിരോധത്തിൽ അടുത്തഘട്ടമെന്ന നിലയിലാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുക. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികൾക്കും അത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ത്രിതല സംവിധാനത്തിലൂടെയുള്ള ക്രമീകരണം

ആരോഗ്യ വകുപ്പ് അധികൃതർ