vazha

കോട്ടയം : കാലവർഷം ശക്തമായ രണ്ടുമാസത്തിനിടെ ജില്ലയിൽ നശിച്ചത് 91.24 കോടി രൂപയുടെ കൃഷി. ജൂലായ് 28 മുതൽ കഴിഞ്ഞ 20 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ 8185.15 ഹെക്ടറിൽ കൃഷി നശിച്ചു. 18,800 കർഷകരെയാണ് കാലവർഷം ചതിച്ചത്. കാലവർഷം ജൂണിൽ ആരംഭിച്ചെങ്കിലും മഴ ശക്തിപ്പെട്ടത് ജൂലായ് അവസാനത്തോടെയായിരുന്നു. ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത് ആഗസ്റ്റിലെ ആദ്യ രണ്ടാഴ്ചകളിലും.
പതിവുപോലെ നെൽകർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലായി 3576.97 ഹെക്ടറിലെ നെൽകൃഷി നശിച്ചു. ആകെ 5590 കർഷകർക്കായി 53.65 കോടി രൂപയുടെ നഷ്ടമുണ്ടായി. അപ്പർകുട്ടനാടൻ മേഖലയിലെ വർഷക്കൃഷിയുടെ പകുതിയിലേറെയും ഇത്തരത്തിൽ നശിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കൃഷി നാശമുണ്ടായി.

മരച്ചീനി കർഷകർക്കും കണ്ണീർ

നെൽക്കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് മരച്ചീനി കർഷകർക്കാണ്. വെള്ളം കയറിയും കാറ്റിലുമായി 988 കർഷകരുടെ 1610.16 ഹെക്ടറിലെ മരച്ചീനി നശിച്ചു, നഷ്ടം 14.21 കോടി രൂപ. വിളവെടുക്കാറായ പച്ചക്കപ്പ കൃഷിയാണ് മിക്കയിടത്തും വെള്ളം കയറി നശിച്ചത്. ഓണത്തിന് വിളവെടുക്കാൻ കർഷകർ ഒരുക്കി നിറുത്തിയിരുന്ന കുലച്ച വാഴകൾ നശിച്ചു 1218.96 കോടി രൂപയുടെ നഷ്ടമുണ്ടായി. 1877.08 ഹെക്ടറിലെ 203159 കുലച്ച വാഴകൾ നശിച്ചുവെന്നും 3822 കർഷരെ ബാധിച്ചുവെന്നുമാണ് കണക്ക്. ടാപ്പിംഗ് നടത്തുന്നതും അല്ലാത്തതുമായി രണ്ടു കോടി രൂപയുടെ റബർ കൃഷിയും നശിച്ചു.

നശിച്ച മറ്റ് കൃഷികൾ
ഇഞ്ചി, മഞ്ഞൾ, തെങ്ങ്, പ്ലാവ്, കൊക്കോ, കാപ്പി, കുരുമുളക്, കവുങ്ങ്, ഗ്രാമ്പു, കിഴങ്ങു വർഗങ്ങൾ, ജാതി, പച്ചക്കറി