കുറവിലങ്ങാട്: ഞീഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥാപിക്കുന്ന ബഡ് സ്കൂളിനായുള്ള കെട്ടിടം കാടുകയറിയനിലയിൽ. 2018-19 സാമ്പത്തിക വർഷത്തിലാണ് ബഡ് സ്‌കൂൾ നിർമാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് ഫണ്ട് 15 ലക്ഷവും ബ്ലോക്ക് പഞ്ചയാത്ത് ഫണ്ട് 15 ലക്ഷവും ചിലവഴിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. തുടർപ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ട്രഷറിയിലുണ്ടായ കാലതാമസം മൂലം ഇതുവരെയുള്ള ബില്ലുകൾ പൂർണമായും മാറിക്കിട്ടിയിട്ടില്ല. അതേസമയം സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. വയറിംഗ് പണികളും പൂർത്തിയാകാനുണ്ട്. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. മറ്റ് തടസങ്ങൾ ഒന്നുമില്ലെങ്കിൽ ഡിസംബർ അവസാനം ഉദ്ഘാടനം നടത്താൻ സാധിക്കുമെന്ന് വാർഡ് മെമ്പർകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ കാട്ടാമ്പാക്ക് പി.എച്ച്.സിയുടെ സബ് സെന്റർ ഞീഴൂരിൽ ആരംഭിക്കണമെന്നും അതിനായി ബഡ് സ്‌കൂൾ കെട്ടിടം ഉപയോഗിക്കണമെന്നുമാണ് കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾ ആവശ്യപ്പെടുന്നത്.