road

വൈക്കം: വീട്ടിലേക്കുള്ള ഒറ്റയടിപ്പാത ചെളി നിറഞ്ഞതോടെ അംഗ പരിമിതന്റെയും കാഴ്ചയില്ലാത്ത ഭാര്യയുടെയും ജീവിതം ദുരിതപൂർണമായി.തലയാഴം പഞ്ചായത്ത് 15ാം വാർഡിലെ അമ്പാനപള്ളി - കാട്ടുതറ റോഡിലെ കാട്ടുതറ ഭാഗത്ത് താമസിക്കുന്ന രമേശനും ഭാര്യ കുഞ്ഞുമണിയുമാണ് വീട്ടിലേക്ക് സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാൽ വലയുന്നത്. അമ്പാനപള്ളി കാട്ടുതറ റോഡിൽ നിന്ന് 300ലധികം മീറ്റർദൂരം ചെളിക്കുണ്ടായ വഴിലൂടെ നടന്നാലേ ഇവർക്ക് പുറംലോകത്തെത്താനാകു. മുച്ചക്രവണ്ടിയുണ്ടെങ്കിലും ചെളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ വാഹനമോടിച്ചു രമേശന് വീട്ടിലെത്താനാകില്ല. 20 കാരനായ മകൻ കൃഷ്ണകുമാർ ഏറെ പണിപ്പെട്ടാണ് പിതാവിനെ വീട്ടിലെത്തിക്കുന്നത്. വെള്ളക്കെട്ടായ നിലത്തിനു നടുവിലൂടെയുള്ള നടപാതയിലൂടെ ആണ് ഇവർ സഞ്ചരിക്കുന്നത്.വേലിയേറ്റ സമയത്ത് വഴി വെള്ളത്തിൽ മുങ്ങും.മഴ പെയ്യുമ്പോഴും വഴി വെള്ളക്കെട്ടിലമരും. അസുഖബാധിതയായ കുഞ്ഞുമണിക്ക് ഒരു മാസം1000 രൂപയോളം മരുന്നിന് വേണം. രമേശനും കുഞ്ഞുമണിക്കും ലഭിക്കുന്ന പെൻഷനാണ് ഇവർക്കാകെയുള്ള വരുമാനം.70 വർഷത്തിലധികമായി രമേശന്റെ കുടുംബം ഇവിടെ താമസിച്ചു വരികയാണ്. വീട്ടിലേക്ക് വഴിയില്ലാത്തതിന്റെ പേരിൽ അയൽപക്കത്ത് താമസിച്ചിരുന്ന വയോധിക ബന്ധുവീട്ടിലേക്ക് താമസം മാറ്റി. വെള്ളവും ചെളിയും നിറഞ്ഞ വഴി മണ്ണിട്ടുയർത്തി സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.