പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് പൊൻകുന്നത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. 5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആദ്യഘട്ട നിർമ്മാണമാണ് പൂർത്തിയായത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മെയ്തീൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും. മന്ദിരാങ്കണത്തിൽ നടക്കുന്ന സമ്മേളനം ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്ന ജനകീയ ഹോട്ടലിന്റെയും രാജേന്ദ്ര മൈതാനത്തെ സ്വതന്ത്ര്യ സമര സ്മാരകവും എം.എൽ.എ ഉദ്ഘാടനം ചെയ്യും.അങ്കണവാടികൾക്കായി നിർമ്മിച്ച 2 കെട്ടിടങ്ങൾ, ശാന്തിഗ്രാം ആഡിറ്റോറിയം, ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും.സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ അദ്ധ്യക്ഷയാകും.
മുൻ എം.എൽ.എ വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.പഞ്ചായത്ത് അസി.എൻജിനീയർ അന്നമ്മ ജോൺ, കോൺട്രാക്ടർ ജോളി ജോൺ തെക്കേമറ്റം, സൂപ്പർവൈസർ പി.പി. ബിനു എന്നിവരെ ആദരിക്കും. ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിക്കും. മൂന്ന് ബ്ലോക്കുകളുള്ള മന്ദിരത്തിന്റെ രണ്ട് ബ്ലോക്കുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.28000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 53 മുറികളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, വൈസ് പ്രസിഡന്റ് റ്റി എൻ ഗിരീഷ് കുമാർ, പഞ്ചായത്തംഗങ്ങളായ അഡ്വ.ഗിരീഷ് എസ് നായർ, ബിന്ദു സന്തോഷ്, വി.ആർ ജയശ്രീ, മോഹൻകുമാർ പൂഴിക്കുന്നേൽ, പി പ്രജിത്, ബി രവീന്ദ്രൻ നായർ, പി മോഹൻ റാം, പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു എന്നിവർ പങ്കെടുത്തു.