കട്ടപ്പന: തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലച്ചു, ഏലം കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ. തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് മുടങ്ങിയതോടെ ഏലക്ക പഴുത്ത് നശിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്പ്പാദനം വൻതോതിൽ വർദ്ധിച്ചിട്ടും അതിന്റെ ഗുണഫലം കർഷകരിൽ എത്താത്ത അവസ്ഥതാണുള്ളത്.കൃഷിയൊക്കെ നല്ല രീതിയിൽ നടന്നിട്ടും വിളവെടുക്കാൻ പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് തിരിച്ചടിയായത്. . 600 മുതൽ 700 രൂപ വരെ പ്രതിദിനം കൂലി നൽകാൻ തയാറായിട്ടും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിളവെടുപ്പ് നിലച്ചതോടെ ഇത്തവണ വിപണിയിലെത്തേണ്ട ഏലക്കായുടെ അളവിൽ 40 ശതമാനത്തിലധികം കുറവ് വരുമെന്നാണ് കർഷകർ പറയുന്നത്.
കൊവിഡിനു മുമ്പ് 30,000ൽപ്പരം പേരാണ് ദിവസവും തമിഴ്‌നാട്ടിൽ നിന്നു ജില്ലയിലെ തോട്ടങ്ങളിൽ എത്തിയിരുന്നത്. എന്നാൽ രോഗവ്യാപനത്തെ തുടർന്ന് ഇവരുടെ വരവ് നിലച്ചു.
വൻകിട തോട്ടങ്ങളലേക്ക് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു തൊഴിലാളികളെ എത്തിക്കുന്നുണ്ട്. നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചശേഷം ജോലിക്കിറക്കണമെന്നാണ് നിർദേശമെങ്കിലും പല തോട്ടങ്ങളിലും ഇതൊന്നും പാലിക്കുന്നില്ല. ഏലക്ക വിളവെടുപ്പിനെക്കുറിച്ച് പരിജ്ഞാനമില്ലാത്തവരും ഏറെയാണ്. കൂലി കൂടുതലാണെങ്കിലും ഇവർ വിളവെടുക്കുന്ന ഏലക്കയുടെ അളവും കുറവാണ്.
വിളവെടുക്കാൻ താമസിക്കുന്നതിനാൽ ഏലക്ക പഴുത്ത് തുടങ്ങും. തുടർന്ന് എലിയും അണ്ണാനും ആഫ്രിക്കൻ ഒച്ചുമെല്ലാം ആഹാരമാക്കുന്നു. ശേഷിക്കുന്നവ നിലത്തുവീണ് നശിക്കുന്നു. യഥാസമയം വിളവെടുക്കാതെ വന്നാൽ അടുത്തതവണ ശരത്തിൽ പൂവിടലും ഉണ്ടാകില്ല. മറ്റു വിളകൾക്ക് വിലത്തകർച്ച നേരിട്ടപ്പോൾ കർഷകർ ഏലം കൃഷി വ്യാപിപ്പിച്ചതോടെ ഇത്തവണ ഉത്പ്പാദനത്തിൽ വൻ വർദ്ധനയാണ് ഉണ്ടായതക. രണ്ടുമാസത്തിനുശേഷം സീസൺ അവസാനിക്കുമെങ്കിലും വിളവെടുക്കാൻ കഴിയാത്തത് കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നു. ഓഗസ്റ്റിലെ പേമാരിയിലും ജില്ലയിൽ കൃഷിനാശമുണ്ടായി. ചുവട് ഇളകിയും ചിമ്പ് ഒടിഞ്ഞും ചെടികൾ നശിച്ചത് ഉത്പ്പാദനത്തെയും പ്രതികൂലമായി ബാധിച്ചു.
ലോക്ക്ഡൗൺ കാലത്ത് 1000ലേക്കു കൂപ്പുകുത്തിയ വില 1500 രൂപയായി ഉയർന്നിട്ടുണ്ട്.
പ്രധാന ആഭ്യന്തര വിപണികളായ ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളലേക്കുള്ള കയറ്റുമതി പഴയതോതിൽ പുനരാരംഭിച്ചിട്ടില്ല.