വാട്ടർ അതോറിട്ടിയുടെ നടപടി വിവാദത്തിൽ
പാലാ: കുടിവെള്ളത്തിനായുള്ള പൈപ്പിടുന്നത് ഏതു വഴി ആയിരിക്കണം ? പാലായിലെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ഒരുപാട് ആലോചിച്ചു. ഒടുവിൽ അവർ സ്ഥലം കണ്ടെത്തി; മാലിന്യങ്ങൾ ഒഴുകുന്ന ഓടയ്ക്കുള്ളിലൂടെ പൈപ്പ് സ്ഥാപിച്ചാൽ നല്ല ശുദ്ധമായ വെള്ളം പാലാക്കാരെ കുടിപ്പിക്കാം. അവർ അങ്ങനെ തന്നെ ചെയ്തു.
പാലാ കിഴതടിയൂർ ബൈപ്പാസിലെ കെ.സി സെബാസ്റ്റ്യൻ സ്‌ക്വയറിനു സമീപം തൊടുപുഴ റോഡ് തുടങ്ങുന്ന ഭാഗത്തു ചെന്നു നോക്കിയാൽ ആർക്കും കാണാം, നല്ല പുതുപുത്തൻ പൈപ്പുകൾ ഓടയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി വ്യാഴാഴ്ച മുതൽ ശുദ്ധജലം വിതരണം ചെയ്യാനാണ് വാട്ടർ അതോറിട്ടി അധികാരികളുടെ തീരുമാനം.
എന്നാൽ ഓടയിലെ പൈപ്പിടീൽ കഥ എങ്ങനെയോ പി.ഡബ്ലിയു.ഡി അധികാരികൾ അറിഞ്ഞു. അവർ ഇന്നലെ സ്ഥലത്തു വന്നു പരിശോധന നടത്തിയപ്പോഴല്ലേ കൂടുതൽ പുകിൽ; പി.ഡബ്ലിയു.ഡി വക ഓടയിൽ ആരുടേയും അനുമതിയില്ലാതെയാണ് വാട്ടർ അതോറിറ്റിക്കാർ പൈപ്പ് സ്ഥാപിച്ചത്. ചെറിയ ഓടയിൽ വലിയ പൈപ്പിട്ടതോടെ ഓടയിലെ മാലിന്യമൊഴുക്കും തടസപ്പെട്ടു. സംഭവം വിവാദമായതോടെ വാട്ടർ അതോറിട്ടിയുടെ എൻജിനീയർമാരും സ്ഥലത്തെത്തി.
ആരോട് ചോദിച്ചിട്ടാണ് ഓടയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചതെന്ന പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായില്ലെങ്കിലും ഇരു വിഭാഗവും തമ്മിൽ തർക്കം മൂർച്ഛിച്ച് വാക്കേറ്റത്തിലേക്ക് കടന്നു. തിരികെ ഓഫീസിലെത്തിയ ഉടൻ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ ഓടയിലെ പൈപ്പിടീലിന് സ്റ്റോപ്പ് മെമ്മോ നൽകി. ഇതോടെ പണി നിലച്ചു. നഗരത്തിലെ കിഴതടിയൂർ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണവും തടസപ്പെട്ടു.
പഴയ പൈപ്പുകൾ പൊട്ടി
നേരത്തേ ഈ ഭാഗത്ത് റോഡിന് അടിയിലൂടെയായിരുന്നു വാട്ടർ അതോറിട്ടിയുടെ പൈപ്പ് കടന്നുപോയിരുന്നത്.അടുത്തിടെ ഒരു സ്വകാര്യ കമ്പനിയുടെ കേബിളിടാൻ കുഴിയെടുക്കവേയാണ് ഈ പൈപ്പുകൾ പൊട്ടിയത്. ഇതിനു പകരമായാണ് പി.ഡബ്ലിയു.ഡി തീർത്ത നടപ്പാതയിലെ സ്ലാബുകൾ തകർത്ത് ഓടയിലൂടെ വാട്ടർ അതോറിട്ടി ജീവനക്കാർ പൈപ്പിട്ടത്.