പാലാ: കാലാവസ്ഥ അനുകൂലമായാൽ രാമപുരം റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. മാണി.സി. കാപ്പൻ എം.എൽ.എ യുടെ ഇടപെടീലിനെ തുടർന്ന് 3 കോടി 80 ലക്ഷം രൂപയാണ് റീടാറിംഗിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയാണിത്. റോഡിന്റെ പല ഭാഗത്തും വൻ കുഴികൾ രൂപപ്പെട്ടിരുന്നു. രാമപുരത്ത് റോഡിലെ കുഴിയിൽ സ്‌കൂട്ടർ മറിഞ്ഞ് ഒരു യുവാവ് മരണമടഞ്ഞതും അടുത്ത കാലത്താണ്. റോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മാണി.സി. കാപ്പൻ എം.എൽ.എ , മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി എന്നിവർക്ക് അഞ്ചു മാസം മുമ്പ് നിവേദനം നൽകിയിരുന്നു.

പാലാ മുതൽ കരൂർ പഞ്ചായത്ത് ജംഗ്ഷൻ വരെ ശബരിമല റോഡ് വികസന ഫണ്ടിൽപ്പെടുത്തി 1 കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കരൂർ മുതൽ രാമപുരം ജംഗ്ഷൻ വരെ 2 കോടി 3 ലക്ഷം രൂപാ ചെലവഴിച്ച് റീ ടാറിംഗ് നടത്തും. പി.ഡബ്ലിയു.ഡി. അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, അസി. എൻജിനീയർ അനു എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മാണം നടക്കുന്നത്. നവംബർ മധ്യത്തോടെ പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്താൻ തുക അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും നന്ദി പറയുന്നതായി മാണി.സി.കാപ്പൻ എം എൽ .എ പറഞ്ഞു.