കട്ടപ്പന: പട്ടയ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തിയ നിർമാണങ്ങളെ തുടർന്ന് സർക്കാർ ഇറക്കിയ നിർമാണ നിരോധന ഉത്തരവുകളും ഇതേ തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളും ജില്ലയിൽ സ്ഥിതി രൂക്ഷമാക്കിയതായി ഹൈറേഞ്ച് സംരക്ഷണ സമിതി. കോടതി വ്യവഹാരങ്ങൾ പ്രശ്‌നത്തിനു പരിഹാരമല്ല. സർക്കാർ തലത്തിൽ നയപരമായ തീരുമാനങ്ങൾ എടുത്ത് ഉടൻ നടപടിയുണ്ടാകണം. സുപ്രീംകോടതിയിൽ വിഷയം എത്തിയ സാഹചര്യത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. 2019 ഡിസംബറിലെ സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമുള്ള നിയമഭേദഗതികൾ ഉടൻ നടപ്പാക്കണം. ഭൂവിനിയോഗത്തെ സംബന്ധിച്ച 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ നാലാം ചട്ടവും 1993ലെ പ്രത്യേക ചട്ടങ്ങളിലെ മൂന്നാം ചട്ടവും ഇതിനായി ഭേദഗതി ചെയ്യണം. കാർഷിക മേഖലയെ സംരക്ഷിച്ച് നിലവിലുള്ള നിർമാണങ്ങൾ ക്രമവത്കരിക്കുന്ന തരത്തിലുള്ള നടപടി ഉണ്ടാകണമെന്നും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു. നേതാക്കളായ സി.കെ. മോഹനൻ, ആർ. മണിക്കുട്ടൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, സാബു പ്ലാത്തോട്ടാനിയിൽ, നെസ് പാറപ്പുറത്ത് എന്നിവരും പങ്കെടുത്തു.