കട്ടപ്പന: അയ്യപ്പൻകോവിൽ പൂവന്തിക്കുടിയിൽ പുലി ഇറങ്ങിയതായുള്ള അഭ്യൂഹത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലായി. പൂവന്തിക്കുടി പ്ലാക്കാട്ട് സുധാകരന്റെ പുരയിടത്തിൽ പുലിയുടേതെന്നു തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. 10 സെന്റിമീറ്റർ നീളവും എട്ട് സെന്റിമീറ്റർ വീതിയുമുള്ള കാൽപ്പാടുകളാണ് ഇന്നലെ രാവിലെ കണ്ടത്. എന്നാൽ വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണമുണ്ടായിട്ടില്ല. മേഖലയിലെ താമസക്കാരിൽ ഏറെയും ആദിവാസികളാണ്. വിവരമറിഞ്ഞ് മുരിക്കാട്ടുകുടി ഫോറസ്റ്റ് ഓഫീസിൽ നിന്നു ബീറ്റ് ഓഫീസർ ഷിനോജ്‌മോൻ ജോസുകുട്ടി, അസിസ്റ്റന്റ് ബീറ്റ് ഓഫീസർ ടി.ഡി. വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതാകാമെന്നും നാട്ടുകാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ പറഞ്ഞു. കാൽപാടുകൾ വിശദമായി പരിശോധിക്കും. ഇതിനുശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ.