കുമരകം ഹൗസ്ബോട്ട് ടെർമിനൽ ഉദ്ഘാടനം 10ന്
കോട്ടയം: അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ കുമരകം ഹൗസ്ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒക്ടോബർ 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിക്കുക. ആലപ്പുഴയിൽ നിന്നുള്ള ബോട്ടുകൾക്ക് കുമരകത്ത് അടുക്കാൻ ഇതോടെ സൗകര്യമാവും. കായൽ സൗകര്യം ആസ്വദിക്കാൻ കഴിയുന്ന കുമരകം നാലുപങ്കിലാണ് ടെർമിനൽ പൂർത്തിയാവുന്നത്. ഏഴ് കോടി രൂപയോളം ചെലവിട്ടാണ് ടെർമിനൽ സ്ഥാപിച്ചിട്ടുള്ളത്.എന്നാൽ ഇവിടേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയാക്കിയിട്ടില്ല. എട്ടു മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാണ് വിഭാവനം ചെയ്തിരുന്നത്. വാഹന പാർക്കിംഗിന് സൗകര്യവുമില്ല. ഭക്ഷണശാലയില്ല. എന്തിന്, ശൗചാലയം പോലുമില്ലല്ല ഹൗസ്ബോട്ട് ടെർമിനലിൽ.ഹൗസ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നടന്നാലുടൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് ഇത് കൈമാറും.മത്സ്യസങ്കേതത്തിന് സമീപം ടെർമിനൽ നിർമ്മിച്ചതിൽ മത്സ്യത്തൊഴിലാളികൾക്ക് എതിർപ്പുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ചാണ് മത്സ്യസങ്കേതം ആരംഭിച്ചത്. നാലുപങ്കിൽ നല്ല കാറ്റ് വീശുന്നതിനാൽ ഹൗസ് ബോട്ടുകൾ ഇവിടെ കെട്ടിയിടാൻ പ്രയാസമാവുമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നത്.
പണികളെല്ലാം ഉടൻ പൂർത്തിയാക്കും. ശൗചാലയവും വൈദ്യുതി വിളക്കുകളും സ്ഥാപിക്കും. പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാൽ ഇരിപ്പടങ്ങൾ, കുട്ടികൾക്കുള്ള പാർക്ക്, വാഹന പാർക്കിംഗ് സൗകര്യം, കടകൾ എന്നിവകൂടി നിർമ്മിക്കും.
ശ്രീകുമാർ
ഡപ്യൂട്ടി ഡയറക്ടർ
ടൂറിസം വകുപ്പ്
പദ്ധതി കുമരകത്തെ ഹൗസ് ബോട്ടുകളെക്കാൾ പ്രയോജനം ആലപ്പുഴ ജില്ലയിലെ ബോട്ടുകൾക്കാണ്. തദ്ദേശിയ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടും. വൈകാതെ ഇതൊരു പാർക്കായി മാറും.
അനീഷ് ഇ.എസ്
ഹൗസ് ബോട്ട്
നാലുപങ്കിലെ ഹൗസ്ബോട്ട് ടെർമിനൽ ടൂറിസ്റ്റുകൾക്ക് ഏറെ പ്രയോജനം ചെയ്യും. ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഏറെ ഉപകാര പ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കാനുള്ള പഠനം നടന്നുവരികയാണ്. ടൂറിസം മേഖലക്ക് ഇത് ഏറെ ഗുണകരമാവും.
ഡോ.ബിന്ദു നായർ
സെക്രട്ടറി
ഡി.ടി.പി.സി