വൈക്കം: പഴയ ബൈക്കിന്റെ എൻജിനും ആക്രിസാധനങ്ങളും ഉപയോഗിച്ച് സൈക്കിൾ മോഡലിലുള്ള ബൈക്ക് നിമ്മിച്ച പ്ലസ് ടു വിദ്യാർത്ഥി സുമിത്തിന്റെ സ്വപ്നത്തിൽ ഒരു ഇലക്ട്രിക് ബൈക്ക് ഓടുന്നുണ്ട്. സ്വപ്നം കാണുന്നത് സുമിത്തായതിനാൽ യാഥാർത്ഥ്യമാവുമെന്നുതന്നെ കരുതാം. ഈ കൊവിഡ് കാലത്ത് അതു തെളിയിച്ചതാണ് വൈക്കം നാനാടം മാലിയേൽ സുനിൽകുമാറിന്റെയും സിനിമോളുടെയും മകൻ സുമിത്ത്.
കാർ നിർമ്മിക്കണമെന്നായിരുന്നു വെച്ചൂർ ദേവിവിലാസം സ്കൂളിൽ പഠിക്കുന്ന സുമിത്തിന്റെ ആഗ്രഹം. പക്ഷേ, വീട്ടിലേക്കുള്ള വഴിക്ക് കാറോടിക്കാനുള്ള വീതിയില്ല. അങ്ങനെയാണ് സൈക്കിൾ ബൈക്ക് എന്ന ആശയം ഉദിച്ചത്! വൈകിയില്ല, പഴയ ബൈക്കിന്റെ എൻജിൻ വാങ്ങി പ്രവർത്തനക്ഷമമാക്കി. ഇരുമ്പ് പൈപ്പുകൾ കൊണ്ട് ഫ്രെയിമുണ്ടാക്കി. ബ്രേക്കും ഹെഡ് ലൈറ്റും ഷോക്ക് അബ്സോർബറും എല്ലാമുണ്ട്. ഫ്രെയിമിന്റെ പൈപ്പുകളിൽ മുകളിലത്തേതാണ് പെട്രോൾ ടാങ്ക്. രണ്ടു ലിറ്റർ പെട്രോൾ നിറയ്ക്കാം. സ്പ്രേ പെയിന്റിംഗിന് ഉപയോഗിക്കുന്ന ടിന്നുകൾ സൈലൻസറിന് വഴിമാറി. ടയറും മറ്റും ആക്രിക്കടയിൽ നിന്നു വാങ്ങി. പെയിന്റടിച്ചു പുതുപുത്തനാക്കി. 30 കിലോയാണ് ഭാരം. ഒരു ലിറ്റർ പെട്രോളിൽ 40 കിലോമീറ്ററോടും.
ബൈക്ക് നിർമ്മിക്കാൻ ഒരുമാസം വേണ്ടിവന്നു. വെൽഡിംഗ് സെറ്റ് വാടകയ്ക്കെടുത്തായിരുന്നു പണി. പതിനായിരത്തിൽ താഴെ രൂപയേ വേണ്ടിവന്നുള്ളൂ. സഹായത്തിന് ജ്യേഷ്ഠൻ സുജിത്തും സുഹൃത്ത് അർജ്ജുനുമുണ്ടായിരുന്നു. ഓട്ടോഡ്രൈവറായ പിതാവ് സുനിൽകുമാറും ഒപ്പംനിന്നു. ബാറ്ററിയിലോടുന്ന പരിസ്ഥിതിക്കിണങ്ങുന്ന വാഹനമാണ് സുമിത്തിന്റെ അടുത്ത ലക്ഷ്യം. ''നിർമ്മാണച്ചെലവ് കൂടുതലാകും. എന്നാലും ഒരു ദിവസം ഞാനതിലേക്കെത്തും '' ആത്മവിശ്വാസത്തോടെ സുമിത്ത് പറഞ്ഞു.
തുടക്കം ഇങ്ങനെ
പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിളിന് രൂപമാറ്റം വരുത്തി പൾസർ 220 ബൈക്കിന്റെ മാതൃകയുണ്ടാക്കിയിരുന്നു. ടയറുകൾ മാത്രം സൈക്കിളിന്റേത്. ബൈക്കിന്റേതുപോലെ ഹെഡ് ലൈറ്റും ഹോണും ഇൻഡിക്കേറ്ററുമെല്ലാമുണ്ട്. പക്ഷേ, മുന്നോട്ട് നീങ്ങാൻ സൈക്കിൾ പോലെ ചവിട്ടണമായിരുന്നു.
''വാഹനം പൊതുനിരത്തിൽ ഉപയോഗിക്കണമെങ്കിൽ സുരക്ഷയടക്കമുള്ള അംഗീകാരമുള്ളതായിരിക്കണം. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.ആർ.ഐ.ഐ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്‌പോർട്ട് (സി.ഐ.ആർ.ടി) എന്നീ സ്ഥാപനങ്ങളാണ് പരിശോധനകൾ നടത്തേണ്ടത്. അതിനുശേഷം രജിസ്റ്റർ ചെയ്യണം. 250 വാട്‌സിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമാണ്.
-സി.ചന്ദ്രഭാനു,(ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ)