കോട്ടയം: ഗുരുദേവ സമാധി പ്രാർത്ഥനാ ഗീതത്തിന് ഈണവും താളവും പകർന്ന് ശ്രീനി ഈണം. സമാധിദിനത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ റിലീസ് ചെയ്ത ഗാനം ഗുരുദേവ ഭക്തരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ഗുരുദേവന്റെ ഗൃഹസ്ഥാശ്രമ ശിഷ്യരിലെ പ്രധാനി കോട്ടുകോയിക്കൽ വേലായുധൻ രചിച്ച സമാധി പ്രാർത്ഥനാ ഗീതത്തിനാണ് ശ്രീനി ഈണം സംഗീതമേകിയത്. മഹാസമാധി ദിനത്തിൽ വീഡിയോ ആൽബമായി സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് ഭക്തരാണ് കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ശ്രീനിതന്നെയാണ് ആലാപനവും നിർവഹിച്ചിരിക്കുന്നത്.
2014ൽ ദൈവദശകം സമൂഹ സംഗീതാർച്ചനയായി നിരവധി വേദികളിൽ വൻ ജനാവലിയുടെ മുമ്പിൽ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിരുന്ന ശ്രീനി തികഞ്ഞ ഗുരുദേവ ഭക്തൻ കൂടിയാണ്. തുടർന്ന് 'ഗുരുസ്തവവും' സംഗീതാർച്ചനയായി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗുരുദേവ കൃതികൾക്ക് ഈണവും താളവും ഭാവവുമേകി ജനഹൃദയങ്ങളിൽ എത്തിക്കുകയെന്ന ആശയത്തോടെ 'ഗുരു ഗീതാമൃതം' എന്ന സംഗീത വിഭാഗത്തിനും ശ്രീനി തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ഒരുസംഘം കലാകാരൻമാരുടെ കൂട്ടായ്മയും രൂപീകരിച്ചു. ഹിന്ദു ഭക്തിഗാനങ്ങൾ കോർത്തിണക്കി നിരവധി ആൽബങ്ങളും ഇറക്കിയിട്ടുണ്ട്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് ശ്രീനി ഈണം.