ചങ്ങനാശേരി: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്‌സൈസ് പിടികൂടി. കുറുമ്പനാടം പടിയത്ത് വീട്ടിൽ ജേക്കബ് ജെ പടിയത്തിന്റെ വീട്ടിൽ നിന്നാണ് 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. വിദേശമദ്യം അളവിൽ കൂടുതൽ കൈവശം വച്ച കുറ്റത്തിന് കേസെടുത്തു. മറ്റൊരു കേസിൽ പെരുമ്പനച്ചി മുക്കാട്ടുകുന്നേൽ വീട്ടിൽ ബാബു ആന്റണിയുടെ വീട്ടിൽ നിന്നും 12 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. വീട്ടിൽ മദ്യം സൂക്ഷിച്ച് വച്ച് ഫോണിലൂടെ ആവശ്യപ്പെടുന്നവർക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ എ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ആർ.കെ രാജീവ്,കെ.എൻ അജിത് കുമാർ,സി.ഇ.ഒ മാരായ സജീവ്.കെ.എൽ, ഗോപകുമാർ പി.ബി, സോണിയ പി.വി, റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.