നഷ്ടമായത് 4.21 കോടിയെന്ന് മുനിസിപ്പൽ കൗൺസിലർമാർ
പാലാ: മീനച്ചിൽ താലൂക്കിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കി വിഭാവനം ചെയ്ത് നടപ്പാക്കിയ ഗ്രീൻ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ പാലാ ടൗൺ നഗര സൗന്ദര്യവത്ക്കരണ പദ്ധതിക്ക് കഴിഞ്ഞ ഒരു വർഷമായി തുടർനടപടികളില്ലെന്ന് ആക്ഷേപം. ഗ്രീൻ ടൂറിസം പദ്ധതി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായിരുന്ന ജോസ്.കെ.മാണിയുടെ ശുപാർശ പ്രകാരം 2015-2016ൽ കെ.എം.മാണി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 4.21 കോടി രൂപയാണ് പദ്ധതിക്കായി ടൂറിസം വകുപ്പിന് നൽകിയത്. ഒന്നാം ഘട്ടം തീരുന്നതിനനുസരിച്ച് രണ്ടാം ഘട്ടം ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാം ഘട്ടം ഇപ്പോഴും പൂർത്തിയായിട്ടില്ല. പദ്ധതിക്കായി അനുവദിച്ച 4.21 കോടി രൂപ തുടർനടപടികൾ ഇല്ലാതെയും ചിലവഴിക്കാതെയും ടൂറിസം വകുപ്പിന്റെ അലംഭാവം മൂലം പാലായ്ക്ക് നഷ്ടമായെന്ന് നഗരസഭയിലെ ചില ഭരണപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു.
പാലാ ടൗൺ ബസ് സ്റ്റാൻഡിന് എതിർവശം മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുള്ള സ്റ്റീൽ നടപ്പാലവും അമിനിറ്റി സെന്ററും ഉൾപ്പെട്ട ഒന്നാം ഘട്ട പദ്ധതിയുടെ തുടർച്ചയായി മീനച്ചിലാറിന്റെ മറുകരയിലേക്കും പാലവും ആർട്ട് ഗ്യാലറികളും ശില്പ കാഴ്ചകളും ഒരുക്കും വിധമായിരുന്നു രണ്ടാം ഘട്ട നഗരസൗന്ദര്യവൽക്കരണ പദ്ധതി. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പദ്ധതിയുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല.
വിഷയത്തിൽ ഇടപെടും
പദ്ധതിക്കായി യാഥാർത്ഥ്യമാകാൻ ആവശ്യമായ ഇടപെടൽ ഉണ്ടാവുമെന്ന് ഗ്രീൻ ടൂറിസം പദ്ധതി മുൻ ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനം വിവിധ സംഘടനകൾക്കു വേണ്ടി ജയ്‌സൺ മാന്തോട്ടം നഗരസഭാ മുൻ ചെയർപേഴ്‌സൺമാരായ ബിജി ജോജോ ,ലീന സണ്ണി, കൗൺസിലർമാരായ ബിജു പാലു പടവൻ ,ജോർജ്കുട്ടി ചെറുവള്ളിഎന്നിവർ ചേർന്ന് ജോസ്.കെ മാണി എം.പിക്ക് നൽകി.