പൊൻകുന്നം:ചിറക്കടവ് പഞ്ചായത്തിൽ 5 കോടി രൂപ ചിലവഴിച്ച് പൊൻകുന്നത്ത് നിർമ്മിച്ച ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് നാടിനു സമർപ്പിച്ചു. മന്ത്രി എ.സി മൊയ്തീൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.എൻ. ജയരാജ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലേയ്ക്ക് മാറിയ ജനകീയ ഹോട്ടലിന്റെയും രാജേന്ദ്ര മൈതാനത്തെ സ്വതന്ത്ര്യ സമര സ്മാരകവും എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുതിയ അങ്കണവാടി കെട്ടിടം, ശാന്തിഗ്രാം ആഡിറ്റോറിയം, ആനക്കയംമഞ്ഞാവ് കുടിവെള്ള പദ്ധതി എന്നിവ ആന്റോ ആന്റണി എം.പി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
മൂന്ന് ബ്ലോക്കുകളുള്ള മന്ദിരത്തിന്റെ രണ്ട് ബ്ലോക്കുകളാണ് പൂർത്തിയായത്. 28000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 53 മുറികളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ വാടകയായും സെക്യൂരിറ്റിയായും കോടികളുടെ വരുമാനമാണ് പഞ്ചായത്തിനുണ്ടാകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് അസി.എൻജിനീയർ അന്നമ്മ ജോൺ, കോൺട്രാക്ടർ ജോളി ജോൺ തെക്കേമറ്റം, സൂപ്പർവൈസർ പി.പി ബിനു എന്നിവരെ എം.എൽ.എ ആദരിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ അദ്ധ്യക്ഷയായി.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ നായർ,ജില്ലാ പഞ്ചായത്തംഗം ശശികല നായർ,അമ്മിണിയമ്മ പുഴയനാൽ,റ്റി. എൻ. ഗിരീഷ്‌കുമാർ,ത്രിതല പഞ്ചായത്തംഗങ്ങൾ,വിവിധ കക്ഷി നേതാക്കൾ,സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു.അഡ്വ.ഗിരീഷ് എസ്. നായർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു നന്ദിയും പറഞ്ഞു.