കട്ടപ്പന: കെ.പി.സി.സി. പുനഃസംഘടനയിൽ തമിഴ്‌ന്യൂനപക്ഷ വിഭാഗങ്ങളെ പടിക്കു പുറത്താക്കിയതിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. തമിഴ് വിഭാഗത്തിൽപെട്ടവർക്ക് വലിയ സ്വാധീനമുള്ള തൊഴിലാളി സംഘടനകളുടെ നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് ആക്ഷേപം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴുണ്ടായ 'ശീതയുദ്ധം' തമിഴ്‌ സ്വാധീന മേഖലകളിൽ പാർട്ടിക്ക് തലവേദനയാകും. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. 96 സെക്രട്ടറിമാരെ നിയമിച്ചിട്ടും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഭരണഘടന അനുസരിച്ചുള്ള പരിഗണന പോലും ന്യുനപക്ഷത്തിനു ലഭിച്ചില്ലെന്നാണ് ആക്ഷേപം.
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി, പത്തനംതിട്ട, വയനാട്, തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ തമിഴ് സ്വാധീനമേഖലകൾ നിരവധിയാണ്. നാടാർ, തേവർ, എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട തമിഴ് വംശജരാണ് പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണെന്നാണ് നേതാക്കളുടെ വാദം. ഇടുക്കിയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെടുന്നവരും തമിഴ് വിഭാഗത്തിൽപെട്ടവരാണ്. കൂടാതെ ഇടുക്കിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ സ്വാധീനമാണ്.
മുൻ എം.എൽ.എയും മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ. മണിയാണ് അവഗണനയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ ആദ്യം പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശം പോലും ഭരണഘടന തയാറാക്കിയ കോൺഗ്രസ് നൽകുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ എ.കെ. മണി അമർഷം അറിയിച്ചിട്ടുണ്ട്.
മൂന്നാർ, പീരുമേട് മേഖലകളിലെ തമിഴ് തോട്ടം തൊഴിലാളികളിൽ ഏറിയ പങ്കും ഐ.എൻ.ടി.യു.സി. അംഗങ്ങളാണ്. പീരുമേട്ടിൽ കേരള പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ, ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ എന്നീ യൂണിയനുകളിലായി ആയിരക്കണക്കിന് അംഗങ്ങളുണ്ട്. മൂന്നാറിലെ സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയനിൽ മാത്രം പതിനായിരത്തിൽപ്പരം അംഗങ്ങളും നിലവിലുണ്ട്.
എ.കെ. മണിയെ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയത് ഒഴിച്ചാൽ മറ്റാരും പട്ടികയിലില്ല. ജില്ലയിൽ ഉടുമ്പൻചോല, പീരുമേട്, ദേവികുളം നിയോജകമണ്ഡലങ്ങളിൽ തമിഴ് ന്യൂനപക്ഷങ്ങൾക്ക് നിർണ്ണായക സ്വാധീനമാണുള്ളത്.