കട്ടപ്പന: നഗരസഭ പരിധിയിലെ വെട്ടിക്കുഴക്കവലയിൽ മോഷണശ്രമം. കളരിപ്പടി മലയാറ്റ് റെജിയുടെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്. മുറ്റത്തെ മെറ്റലിൽ മോഷ്ടാവിന്റെ കാൽപ്പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നിരുന്നു. ഇതറിയാതെ മോഷ്ടാവ് ജനാലയിലൂടെ മുറിക്കകത്തേയ്ക്ക് ടോർച്ച് തെളിച്ചതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികളും ഓടിയെത്തി.
കാഞ്ചിയാർ പാലാക്കടയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തസ്‌കര സംഘത്തിന്റെ ശല്യമുണ്ടായിരുന്നു. റെസിഡന്റ്‌സ് അസോസിയേഷൻ നിലവിലുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്ത് എത്തുന്ന അപരിചിതരെ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്. അടുത്തിടെ വീടുകളിൽ വിവിധ സാധനങ്ങളുമായി വിൽപനയ്ക്ക് എത്തുന്നവരെ സംശയിക്കുന്നുണ്ട്. ഇവർ പല വീടുകളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കുന്നതായും പൊലീസിനു വിവരം നൽകിയിട്ടുണ്ട്.