police

കോട്ടയം : കൊവിഡ് ഡ്യൂട്ടിയ്‌ക്ക് പിന്നാലെ സ്വർണക്കടത്ത് കേസിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികൾ സമരങ്ങളും തുടങ്ങിതോടെ നിന്ന് തിരിയാൻ സമയമില്ലാതെ പൊലീസ്. തിരുവോണത്തിന് തലേന്ന് തുടങ്ങിയ സമരങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്നലെയും ബി.ജെ.പിയുടെ കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. കേസ് അന്വേഷണവും വാഹന പരിശോധനയും മുതൽ പാസ്പോർട്ട് വേരിഫിക്കേഷൻ വരെ പൊലീസ് നടത്തണം. ഇതിനിടെയാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ ഏതാണ്ട് മുപ്പതോളം ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.165 ഓളം പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലുമാണ്.

ഇതുവരെ 25 സമരങ്ങൾ

കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ 25 സമരങ്ങളാണ് കോട്ടയം നഗരത്തിൽ മാത്രം നടന്നത്. യുവജന സമരങ്ങൾ ആവേശത്തോടെ എത്തി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, പിന്നീട് ലാത്തിച്ചാർജിൽ കലാശിക്കുകയുമാണ് പതിവ്.

പരിക്കേറ്റത് 15 പൊലീസുകാർക്ക്

വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 64 സമരക്കാർക്കും, 15 പൊലീസുകാർക്കും പരിക്കേറ്റു. ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിട്ടില്ല.

അയ്യായിരം ലിറ്റർ വെള്ളം

അയ്യായിരം ലിറ്റർ വെള്ളമാണ് സമരങ്ങളുടെ ഭാഗമായി പൊലീസ് ഒഴുക്കിക്കളഞ്ഞത്. 12000 ലിറ്ററാണ് വരുൺ എന്ന ജലപീരങ്കിയുടെ സംഭരണ ശേഷി. പലപ്പോഴും ആയിരം ലിറ്റർ വരെയാണ് ഒരു സമരത്തെ നേരിടാൻ ഉപയോഗിക്കുന്നത്.