കോട്ടയം: ചാലുകുന്നിലെ സി.എം.എസ് ഹൈസ്‌കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമതും മോഷണം. ഇന്നലെ രാവിലെ ഒമ്പതരയോടെ സ്‌കൂൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌കൂളിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡി.എസ്.എൽ. കാമറ, സി.സി.ടി.വി. കാമറകൾ, സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് എന്നിവ മോഷ്ടാവ് കവർന്നു. പണമൊന്നും അപഹരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്‌കൂളിലെ അലമാരയിൽ നിന്നു 30000 രൂപയും സെപ്തംബറിൽ 60000 രൂപയും കവർന്നിരുന്നു. തുടർന്നാണ് സ്‌കൂളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്‌കൂളിന്റെ ഗ്രില്ല് തകർക്കാതെ സമീപത്തു പാർക്ക് ചെയ്തിരുന്ന ബസിന്റെ മുകളിലൂടെ കയറിൽ ഷേഡ് വഴിയാണു സ്‌കൂളിൽ പ്രവേശിച്ചത്. ഓഫീസ് ഉൾപ്പെടെ മൂന്നു മുറിയുടെ കതകു തകർത്ത മോഷ്ടാവ് ലൈബ്രറി, ലാബോറട്ടറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.