വൈക്കം : പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ മിൽക്ക് ഷെഡ് ഡവലപ്പ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി ഇന്ന് ആരംഭിക്കും.സംസ്ഥാനത്ത് 25 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരമൃഗസംരക്ഷണ മേഖലയുടെ അതിജീവനം സാഫല്യം 2020 എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കും. ക്ഷീരവികസന വകുപ്പ് മന്ത്റി കെ.രാജു അദ്ധ്യക്ഷത വഹിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി 30 കർഷകർക്ക് രണ്ടു കറവ പശുക്കളുടെ യുണി​റ്റും ഒരു കറവ പശുവും ഒരു കിടാരിയും ഉൾപ്പെടുന്ന 10 യൂണി​റ്റും അഞ്ച് പശുക്കളുടെ നാലു യൂണി​റ്റും മൂന്നു കറവപശുക്കളും രണ്ടു കിടാരികളും ഉൾപ്പെടുന്ന നാല് യുണി​റ്റുമാണ് വിതരണം ചെയ്യുന്നത്. പദ്ധതി യഥാർഥ്യമാകുന്നതോടെ വെച്ചൂർ പശുവിന്റെ പേരിൽ ഖ്യാതി നേടിയ വെച്ചൂരിൽ കന്നുകാലി സമ്പത്ത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൈക്കം ക്ഷീര വികസന ഓഫിസർ വി.സിന്ധു, ഡയറിഫാം ഇൻസ്ട്രക്ടർ എം.രാഗേഷ് എന്നിവർ പറഞ്ഞു.

പാൽ സംഭരണം 1500 ലിറ്റാറാക്കും

കന്നുകാലി വളർത്തലിനു അനുകൂലമായ സാഹചര്യമുണ്ടായിട്ടും വെച്ചൂരിൽ ക്ഷീരമേഖലയിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രദേശത്ത് 3500 ഏക്കറിൽ നെൽകൃഷി നടക്കുന്നുണ്ട്. പുല്ലിനും വൈക്കോലിനും ക്ഷാമമില്ല. പഞ്ചായത്തിൽ പശുക്കളെ മേയ്ക്കാനും ധാരാളം സ്ഥലമുണ്ട്. വെച്ചുരിൽ മൂന്നു ക്ഷീരസംഘങ്ങളിലായി 750 ലി​റ്റർ പാലാണ് സംഭരിക്കുന്നത്. വെച്ചൂരിൽ പാൽ സംഭരണം 1500 ലി​റ്ററാക്കാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.