വൈക്കം : കാർഷിക ബില്ലിനും ലേബർ കോഡിനും ശേഷം കൊവിഡ് കാലത്ത് വൈദ്യുതി വിതരണ മേഖലയെ വിറ്റുതുലയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രനിലപാട് തിരുത്തണമെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.വി. മനോജ് ആവശ്യപ്പെട്ടു. രാജ്യത്തെ ഊർജ്ജ മേഖലയെ തകർക്കാനുള്ള നീക്കവുമായി മുന്നോട്ടു പോയാൽ ജനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന പല ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഭാരവാഹികളായ അബ്ദുൾ റഷീദ്, ടി.പി.സുനിൽ, കെ.ഐ സോണിച്ചൻ, കെ.ആർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.