തിരുവാർപ്പ്: ഗാന്ധിജിയുടെ പാദസ്പർശമേറ്റ തിരുവാർപ്പ് ഗ്രാമം ഗാന്ധിജയന്തി ദിനാഘോഷത്തിനായ് ഒരുങ്ങുന്നു, ടി .കെ. മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിലുള്ള ആഘോഷ പരിപാടികൾ നാളെ രാവിലെ 8 മുതൽ നടക്കും. ടി കെ മാധവന്റെ നേതൃത്വത്തിൽ നടന്ന സഞ്ചാര സ്വാതന്ത്രസമരത്തിന് പിന്തുണ നൽകിയ ഗാന്ധിജി, അതിന്റെ തുടർച്ചയായിട്ടായിരുന്നു 1937 ജനുവരി 19 ന് തിരുവാർപ്പ് സന്ദർശിച്ചത് . 'ഒരു തീർത്ഥാടനം' എന്നു പേര് നല്കിയ തന്റെ 5ാം കേരള സന്ദർശനത്തിന്റെ ഭാഗമായി വൈക്കത്തു നിന്നും കാർ മാർഗ്ഗം ഇന്ന് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെ എത്തുകയും, അവിടെ നിന്നും മീനച്ചിലാറ്റിലൂടെ ചങ്ങാടത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലെത്തിയ ഗാന്ധിജി തുടർന്ന് ക്ഷേത്ര ദർശനം നടത്തുകയും, ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ആനക്കൊട്ടിലിൽ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ സന്ദർശന സ്മാരകമായി ട്രസ്റ്റ് ആനക്കൊട്ടിലിനു സമീപം നിർമ്മിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലാണ് വർഷങ്ങളായി ഗാന്ധിജയന്തി ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ വിവിധ രാഷ്ടീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് എ.എം. ബൈജു ,സെക്രട്ടറി എം.എൻ.ശരത് ചന്ദ്രൻ ,ട്രഷറർ വി.എൻ.ഉണ്ണി എന്നിവർ അറിയിച്ചു.