covid-hospital

വൈക്കം : കൊവിഡിനെ പ്രതിരോധിക്കാൻ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നുവെന്ന് അവകാശപ്പെടുമ്പോൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പോലുമില്ലാതെ വൈക്കം.

നഗരസഭ ടൗൺഹാളാണ് വൈക്കത്ത് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ തിരഞ്ഞെടുത്തത്. ഏറെക്കാലമായി പ്രവർത്തനമില്ലാതെ കിടന്ന ടൗൺഹാൾ അറ്റകുറ്റപ്പണികൾ നടത്തി സി.എഫ്.എൽ.ടി.സിക്കായി ഒരുക്കിയിട്ടിരിക്കുകയാണ് നഗരസഭ. 50 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. പക്ഷെ ഒരുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

നിലവിൽ താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി പോസിറ്റീവാകുന്നവരെയടക്കം കടുത്തുരുത്തിയിലും പെരുവയിലുമുള്ള സി.എഫ്.എൽ.ടി.സികളിലേക്കാണ് അയയ്ക്കുന്നത്. നിരവധി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ചുമതലയുള്ള ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചും സി.എഫ്.എൽ.ടി.സിയില്ല. കടുത്തുരുത്തിയിൽ രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ 100 കിടക്കകളുള്ള ഇവിടെ രോഗികൾ നിറഞ്ഞ അവസ്ഥയിലാണ്. പെരുവയിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിൽ വൈക്കത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള രോഗികളെ ജില്ലയുടെ കിഴക്കൻ മേഖലകളിലുള്ള സി.എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്.

സജ്ജീകരണങ്ങൾ റെഡി

ടൗൺ ഹാളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനുള്ള എല്ലാ സജ്ജീകരണങ്ങളും ആഴ്ചകൾക്ക് മുൻപ് പൂർത്തിയാക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചതാണ്. എപ്പോൾ പ്രവർത്തനം തുടങ്ങണമെന്ന് തീരുമാനിക്കേണ്ടതും ജീവനക്കാരെ നിയോഗിക്കുന്നതും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമാണ്.

ബിജു വി.കണ്ണേഴത്ത്

(വൈക്കം നഗരസഭ ചെയർമാൻ)

സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കും

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി സജ്ജീകരിച്ച കെട്ടിടം സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഉയർത്തി പ്രവർത്തനമാരംഭിക്കാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. കൊവിഡ് പോസിറ്റീവാകുന്നവർ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യം കൂടിയുള്ളപ്പോൾ വെന്റിലേറ്ററിൽ പ്രവേശിക്കേണ്ട അവസ്ഥയിലുള്ളവരൊഴികെയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ കഴിയുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കാണ് ഇപ്പോൾ പ്രസക്തി. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിയും എന്നതിനാൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കൂടുതൽ കാര്യക്ഷമമായി നടത്താനാവും. സെന്ററിന്റെ പ്രവർത്തനം ഏത് സമയത്തും തുടങ്ങാൻ സജ്ജമായിരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡോ.എ.ഡി.ശ്രീകുമാർ

(വൈക്കം കൊവിഡ് സെന്റർ നോഡൽ ഓഫീസർ)