കട്ടപ്പന: നഗരസഭയിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിപ്രകാരം പശു പരിപാലനത്തിനായി ക്ഷീരകർഷകർക്ക് ആദ്യഗഡു വേതനം വിതരണം ചെയ്തു. രണ്ടോ അതിലധികമോ പശുക്കളെ വളർത്തുന്നവർക്കും ദിവസവും ക്ഷീരോൽപാദന സഹകരണ സംഘത്തിൽ 10 ലിറ്ററിൽ കുറയാതെ പാൽ അളക്കുന്നവർക്കും രണ്ട് പശുക്കൾക്കെങ്കിലും ഇൻഷൂറൻസ് ഉള്ളവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിപ്രകാരം ഒരു ക്ഷീര കർഷകന് അധികമായി 29,100 രൂപ വരുമാനം ലഭിക്കും. കൂടാതെ മുഴുവൻ ക്ഷീര കർഷകർക്കും ഉൽപാദന ഇൻസെന്റീവായി നാലു രൂപയും നഗരസഭ നൽകുന്നുണ്ട്. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.കെ. മോഹനൻ, സിബി പാറപ്പായിൽ, പി.ആർ. രമേഷ്, ഗിരീഷ് മാലിയിൽ, ബെന്നി കുര്യൻ, സെലിൻ ജോയി, ബിന്ദുലത രാജു, ജലജ ജയസൂര്യ, മഞ്ജു സതീഷ്, ബീന വിനോദ്, ജിജി സാബു എന്നിവർ പങ്കെടുത്തു.