പാലാ: മാലിന്യമൊഴുകുന്ന ഓടയിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ ഒടുവിൽ വാട്ടർ അതോറിട്ടിക്കാർ ഒടുവിൽ നീക്കി. ഓടയ്ക്ക് സമീപം മണ്ണിൽ കുഴിയെടുത്ത് പൈപ്പ് മാറ്റി സ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ഓടയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ച വിവരം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പി.ഡബ്ലി.യു.ഡി അധികാരികളുടെ അനുമതിയില്ലാതെയാണ് ഓടയിൽ പൈപ്പുകൾ സ്ഥാപിച്ചിരുന്നത്. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മാണി.സി. കാപ്പൻ എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. ഇന്നലെ പി.ഡബ്ലി.യു.ഡി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനും ഓടയിൽ സ്ഥാപിച്ച പൈപ്പുകൾ പുറത്തെടുക്കാനും എം.എൽ.എ നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ പൈപ്പുകൾ ഓടയിൽ നിന്നും പുറത്തെടുത്തു. കുടിവെള്ള വിതരണത്തിനു തടസം വരാതെ പൈപ്പ് ഉടൻ സ്ഥാപിക്കണമെന്നും എം.എൽ.എ നിർദേശം നൽകിയിട്ടുണ്ട്.