കോട്ടയം : സി.എഫ്.തോമസ് എം.എൽ.എയുടെ നിര്യാണം കേരള കോൺഗ്രസ് തറവാടിന് തീരാനഷ്ടമാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (എം ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സി.എഫ് തോമസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റവും വിവാദങ്ങൾക്കിട നൽകാതെയുള്ള പ്രവർത്തനവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ലളിത ജീവിതത്തിനുടമയായ സി.എഫെന്നും സാധരണക്കാരുടെയും പാവപ്പെട്ടവരുടെയും സന്തതസഹചാരി ആയിരുന്നുവെന്നും ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രാഹം, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് എം. പുതുശേരി, സാജൻ ഫ്രാൻസീസ്, വി.ജെ.ലാലി തുടങ്ങിയവർ പ്രസംഗിച്ചു.