അവശനായ കൊവിഡ് രോഗിയെ ഒറ്റയ്ക്ക് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചു
കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിലെ ഇലയ്ക്കാട് നടക്കാൻ കഴിയാതെ അവശനായ കൊവിഡ് രോഗിക്ക് താങ്ങായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ.
രോഗം ബാധിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിലാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ എൻ. ബിജു സഹായിക്കാൻ മുന്നോട്ടുവന്നത്. ആരുടെയും സഹായമില്ലാതെ രോഗിയെ എടുത്ത് ആംബുലൻസിൽ കയറ്റി ബിജു ഉഴവൂർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് കിടക്കുന്ന വഴിയിൽനിന്ന് പടിക്കെട്ടുകൾ ഇറങ്ങി വേണം യുവാവിന്റെ വീട്ടിലെത്താൻ. യുവാവ് മറ്റ് പല രോഗങ്ങൾ മൂലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധന നടത്തി വീട്ടിലേക്ക് അയച്ച യുവാവിന്റെ അമ്മയുടെയും സഹോദരിയുടെയും പരിശോധനാ ഫലവും പോസിറ്റിവായി. ഒരു വീട്ടിലെ മുഴുവൻ പേർക്കും കൊവിഡ് ബാധിച്ചതിനാൽ സമീപവാസികൾ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. ഈ സാഹചര്യത്തിലാണ് കടപ്ലാമറ്റം പി.എച്ച്.സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ ബിജുവിന് ഈ ദൗത്യം ഏറ്റെടുക്കാൻ മനസുവന്നത്. പി.പി.ഈ കിറ്റ് അണിഞ്ഞ് രോഗിയെ താങ്ങിഎടുത്ത് അൻപതിലധികം നടകൾ കയറിയാണ് ആംബുലൻസിൽ എത്തിച്ചത്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ പ്രേരക് വി.എം അശോക് കുമാറും ആംബുലൻസ് ഡ്രൈവർ അനൂപും ചേർന്നാണ് ബിജുവിനെ പി.പി.ഇ കിറ്ര് ധരിപ്പിച്ചത്.