പാലാ : രാമപുരത്ത് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 12 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നെത്തിയവർ ഉൾപ്പെടെ 17 കേസുകളാണ് രാമപുരത്ത് ഇന്നലെ മാത്രം കണ്ടെത്തിയിരിക്കുന്നത്. 3, 4, 5, 8, 9, 14, 18 വാർഡുകളിലുള്ളവരാണ് ഇവർ. സമ്പർക്കപ്പട്ടിക ഉൾപ്പെടെയുള്ളവ ആരോഗ്യവകുപ്പ് തയാറാക്കുകയാണ്.
ടൗണിലും വിവിധ വാർഡുകളിലും സമ്പർക്ക രോഗികൾ ഏറിയതോടെ മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. മുമ്പ് രോഗബാധിതരുടെ സമ്പർക്കത്തിലുള്ളവർ ഉൾപ്പെടെ 84 പേരുടെ ആന്റിജൻ പരിശോധനയാണ് ബുധനാഴ്ച നടന്നത്. ഇതിലാണ് 12 പുതിയ രോഗികളെ കണ്ടെത്തിയത്. ടൗൺ വാർഡായ 5ാം വാർഡിൽ 4 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ടൈൻമെന്റ് സോണിലുള്ള ടൗൺ പ്രദേശത്ത് കഴിഞ്ഞദിവസം താത്കാലിക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രോഗികളെ കണ്ടെത്തിയത് കൂടുതൽ ആശങ്ക ഉയർത്തുകയാണ്. പുറത്തു നിന്നെത്തിയവരിൽ 2 പേർ തൊടുപുഴയിൽ നിന്നും രോഗം സ്ഥിരീകരിച്ച പഞ്ചായത്തിലെ താമസക്കാരാണ്. മറ്റ് മൂന്നു പേർ എറണാകുളം ജില്ലയിൽ നിന്നും രോഗം ബാധിച്ച് ചികിത്സക്കായി എത്തിയ പഞ്ചായത്ത് നിവാസികളാണ്. സമ്പർക്കപട്ടിക വിപുലമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കരൂർ പഞ്ചായത്തിൽ ഇന്നലെ 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കരുണാലയം ഭാഗത്തുള്ള 2 പേർക്കും അന്തീനാട് ഈസ്റ്റ്, അന്തീനാട് വെസ്റ്റ്, കരൂർ വാർുകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. സമ്പർക്കപട്ടിക തയ്യാറാക്കി വരുകയാണ്. ഭരണങ്ങാനം പഞ്ചായത്തിൽ 3 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ടൗണിന് സമീപം താമസിക്കുന്ന 74 കാരനായ ഭർത്താവിനും 72 കാരിയായ ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മീനച്ചിൽ പഞ്ചായത്തിൽ ആർമി ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് രോഗം കണ്ടെത്തി. കഴിഞ്ഞദിവസം വിളക്കുമാടത്തുള്ള ഒരു പ്രമുഖ ക്ലബ് പ്രതിനിധിക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. ഇദ്ദേഹത്തിന്റെ രോഗഉറവിടം വ്യക്തമല്ല. കഴിഞ്ഞദിവസം ക്ലബിന്റെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത നിരവധി പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പാലാ നഗരസഭയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 8 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റിയിൽ ളാലം പാലം, മുരിക്കുംപുഴ, മൂന്നാനി, കുരിശുപള്ളി കവല പ്രദേശങ്ങളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.