
ന്യൂഡൽഹി: കഴിഞ്ഞ മേയ് മാസത്തിൽ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിലുണ്ടായ അതിർത്തി തർക്കം സംബന്ധിച്ച അഭിപ്രായ ഭിന്നതകൾ ഇന്ന് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര പരമായ ബന്ധത്തിൽ വലിയ വിളളൽ വീഴ്‌ത്തിയിരിക്കുകയാണല്ലോ. ആദ്യ സമയത്ത് അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ നിലപാട് കടുപ്പിച്ച ചൈന പിന്നീട് ഇന്ത്യ അതിർത്തിയോട് ചേർന്ന് റോഡ് വികസന പദ്ധതികൾ ഊർജ്ജിതപ്പെടുത്തുകയും സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്‌തതോടെ നിലപാടിൽ നിന്ന് അയഞ്ഞിരിക്കുകയാണ്. സൈനിക നടപടിയിലുണ്ടായ ദുഷ്പേരും തുടർന്ന് ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ നിരോധനവും നയപരവും വ്യാപാരവുമായും ബന്ധപ്പെട്ട് ചൈനക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. നിലവിൽ മോസ്‌കോയിൽ നടക്കുന്ന ഷെങ്‌ഹായി സഹകരണ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുമായി സമാധാനത്തിനായി ചർച്ച നടത്തി ചൈന. നിലവിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച നടത്താൻ പോകുകയാണ്.
തർക്കങ്ങളുടെ ചരിത്രം
ഇന്ത്യയും ചൈനയും തമ്മിൽ 1962ൽ ഹിമാലയൻ അതിർത്തിയുമായി ബന്ധപ്പെട്ട് യുദ്ധമുണ്ടായി. പിന്നീട് 1980കൾ മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇരുപതോളം ഇടങ്ങളിൽ തർക്കമുണ്ട്. ഇവിടെ നിരവധി കാരണങ്ങളാൽ സംഘർഷമുണ്ടായിട്ടുമുണ്ട്. കഴിഞ്ഞ വർഷം ചൈന നിരവധി കടന്നുകയറ്റങ്ങളാണ് അതിർത്തിയിൽ നടത്തിയത്. 108 വ്യോമയാന ആക്രമണവും 660 തവണ അതിർത്തി കടന്നുകയറ്റ ശ്രമവുമുണ്ടായി എന്നാണ് ഔദ്യോഗിക വിവരം. 2017ൽ ഇന്ത്യയും ചൈനയും ഭൂട്ടാനുമായി അതിരിടുന്ന ഡോക്‌ലമിൽ അതിർത്തിയിൽ ചൈന റോഡ് നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെ സൈനികരും തമ്മിൽ സംഘർഷമുണ്ടായി. ഈ തർക്കം പരിഹരിക്കപ്പെടാതെ ഇരിക്കെയാണ് ഈ വർഷം ലഡാക്കിൽ പുതിയ രൂക്ഷമായ സംഘർഷമുണ്ടായത്.
ഗാൽവനിലെ പോരാട്ടം
ജൂൺ 16ന് നടന്ന ഇന്ത്യ-ചൈന സൈനിക പോരാട്ടത്തിൽ ഒരു ഓഫീസറടക്കം 20 ഇന്ത്യൻ സൈനികരും 43 ചൈനീസ് സൈനികരും മരണമടഞ്ഞിരുന്നു. കല്ലും വടിയും ആണി തറച്ച വടികൾ ഉപയോഗിച്ചുമായിരുന്നു പോരാട്ടം. സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ ലഡാക്കിലെ ഗാൽവൻ നദീ തടത്തിലാണ് ഈ പോരാട്ടം നടന്നത്. സിക്കിമിലെ നാഥു ലാ ചുരത്തിലും സംഘർഷമുണ്ടായി. അപ്രതീക്ഷിതമായി ഏറ്റ ആഘാതത്തിൽ പതറിയ ചൈന ഘട്ടം ഘട്ടമായി പിന്മാറാൻ തയ്യാറായി. എന്നാൽ ചൈന ഈ കാര്യങ്ങളിൽ നൽകിയ വാക്ക് ഇപ്പോഴും പൂർണമായും പാലിച്ചിട്ടില്ല.
ടിക് ടോക് ഉൾപ്പടെ ചൈനീസ് ആപ്പുകളുടെ നിരോധനം
ലഡാക്കിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലും സുരക്ഷ മുൻനിർത്തിയും ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും വ്യക്തികളുടെ സ്വകാര്യതയ്‌ക്കും ഭീഷണിയാണെന്ന് കണ്ടെത്തിയതോടെ കേന്ദ്രം ഷോട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു. ജൂൺ 29നാണ് നിരോധനം കൊണ്ടുവന്നത്. ആദ്യം ഇത്തരം നടപടികൾ കൊണ്ട് തളരില്ലെന്ന സമീപനം സ്വീകരിച്ച ചൈന പിന്നീട് അവരുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ളോബൽ ടൈംസിലുൾപ്പടെ ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ ലേഖനങ്ങൾ നൽകി.
പിന്നീട് സെപ്‌തംബർ 2ന് വാർ ഗെയിമായ പബ്‌ജി മൊബൈൽ ഉൾപ്പടെ 118 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പബ്‌ജിയുടെ ആഗോള വരുമാനത്തിന്റെ 24 ശതമാനം ഇന്ത്യയിൽ നിന്നായിരുന്നതിനാൽ ഇത് ചൈനയ്‌ക്ക് വലിയ അടിയായിരുന്നു.
ദക്ഷിണ ചൈനാകടലിലെ യുദ്ധ കപ്പൽ വിന്യാസം
ചൈനയുമായി ചേർന്ന് കിടക്കുന്ന ദക്ഷിണ ചൈനാകടലിലെ വിവിധ ഭാഗങ്ങളിൽ അയൽരാജ്യങ്ങളുമായി ചൈനയ്‌ക്ക് തർക്കമുണ്ട്. ഇവിടെ ഇന്ത്യ മുൻനിര യുദ്ധ കപ്പലുകളിലൊന്ന് വിന്യസിച്ചിരിക്കുകയാണ്. അമേരിക്കയും തങ്ങളുടെ വിവിധ കപ്പലുകളും അന്തർവാഹിനികളും ഇവിടെ ചൈനയെ പ്രതിരോധിക്കാൻ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് നാവികസേന ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് പ്രവേശിക്കുന്ന ആന്റമാനിലെ മലാക്ക കടലിടുക്കിലും ഇന്ത്യ യുദ്ധകപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏത് തരം ചൈനീസ് പ്രകോപനത്തിനും മറുപടി നൽകാൻ ഇന്ത്യ തയ്യാറാണ് എന്ന സന്ദേശം ശക്തമായി തന്നെ ഇന്ത്യ നൽകിയിട്ടുണ്ട്. മിഗ് വിമാനങ്ങളും ഇന്ത്യ ഇവിടങ്ങളോട് ചേർന്ന് തയ്യാറാക്കി കഴിഞ്ഞു.
തന്ത്രങ്ങൾ പിഴയ്‌ക്കുമ്പോൾ ആരോപണങ്ങൾ
തങ്ങളുടെ ഭീഷണിയും സമ്മർദ്ദവും വേണ്ട രീതിയിൽ ഫലിക്കാതെ വരുന്ന സാഹചര്യത്തിൽ പുത്തൻ ആരോപണവുമായി ഇന്ത്യക്കെതിരെ തിരിയുകയാണ് ചൈന.ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച് മുന്നോട്ട് വന്നെന്നും യഥാർത്ഥ നിയന്ത്രണ രേഖയിൽ വെടിയുതിർത്തെന്നുമാണ് പുതിയ ആരോപണങ്ങൾ. എന്നാൽ ഇന്ത്യൻ സേന ഈ ആരോപണങ്ങളെയെല്ലാം തളളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല അരുണാചൽ പ്രദേശിൽ നിന്നും തട്ടിയെടുത്ത ഇന്ത്യൻ പൗരന്മാരെ കുറിച്ച് ചൈന പ്രതികരിക്കാത്തതും ഇന്ത്യ ഗൗരവമായി കാണുന്നുണ്ട്.
ചൈനയുടെ സമ്മർദ്ദങ്ങൾ ഫലപ്രദമായി ഇന്ത്യ ചെറുക്കുന്നത് അന്താരാഷ്‌ട്ര തലത്തിലും ചൈനീസ് സർക്കാരിന് പ്രതിസദ്ധി സൃഷ്‌ടിക്കുന്നുണ്ട്.