pranab-mukherjee

എവിടെയായാലും പറയാനുള്ളത് പറയും. അതിപ്പോൾ സിംഹത്തിന്റെ മടയിലായാലും ഭയമില്ല! തീവ്ര ഹിന്ദു സംഘടനയായ ആർ.എസ്.എസിന്റെ ആതിഥേയത്വം സ്വീകരിക്കാനുള്ള തീരുമാനം മാറ്റാൻ സ്വന്തം മകളും കോൺഗ്രസ് നേതാക്കളും ശ്രമിച്ചപ്പോൾ പ്രണബിന്റെ ഉറച്ച മറുപടിയായിരുന്നു അത്. നാഗ്പൂരിൽ,​ ആർ.എസ്.എസ് ആസ്ഥാനത്തേക്കു പോകാനുള്ള സ്വന്തം തീരുമാനം,​ വിവാദങ്ങളെ ഭയന്ന് പ്രണബ് മാറ്റിയതുമില്ല.

അച്ഛന്റെ നാഗ്പൂർ സന്ദർശനത്തെക്കുറിച്ച് മകൾ ശർമ്മിഷ്ഠ മുഖർജി പിന്നീട് കുറിച്ചത് ഇങ്ങനെ: ''നാഗ്പൂരിലെ താങ്കളുടെ പ്രസംഗം അതിവേഗം വിസ്‌മരിക്കപ്പെടും. പക്ഷേ, ആ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ബാക്കിയാകും.'' 2018 ജൂൺ ആറിനായിരുന്നു രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ പ്രണബിന്റെ നാഗ്പൂർ സന്ദർശനം. അവിടെ,​ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട 'സംഘ് ശിക്ഷാ വർഗി’ൽ അദ്ദേഹം മുഖ്യാതിഥിയായി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സാന്നിദ്ധ്യത്തിൽ ദേശം, ദേശീയത, ദേശസ്നേഹം എന്നീ വാക്കുകളുടെ അർത്ഥം വിവരിച്ചുകൊണ്ടായിരുന്നു അന്ന് പ്രണബ് ദായുടെ പ്രസംഗത്തുടക്കം.

ആർ.എസ്.എസിന്റെ മടയിൽ ചെന്നു നിന്ന്,​ ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച്,​ സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ദേശീയതയുടെ സവിശേഷതകൾ പ്രണബ് ദാ ഊന്നിപ്പറഞ്ഞു. 'അദ്ദേഹം വന്നു, സംസാരിച്ചു, ആർ.എസ്.എസിനെ കീഴടക്കി' എന്ന് റിപ്പോർട്ട് ചെയപ്പെടേണ്ടതിനു പകരം,​ സന്ദർശക പുസ്തകത്തിൽ അദ്ദേഹമെഴുതിയ വരികളാണ് മാദ്ധ്യമങ്ങളിൽ തലക്കെട്ടായത്. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബാലിറാം ഹെഡ്ഗേവറിന്റെ നാഗ്പൂരിലെ ജന്മസ്ഥലം സന്ദർശിച്ച ശേഷം പ്രണബ് സന്ദർശക ഡയറിയിൽ എഴുതിയത് ഇങ്ങനെ: 'ഭാരത മാതാവിന്റെ വീരപുത്രന് പ്രണാമം!'

മുസ്‌ലിങ്ങളെ യവന (വിദേശ) സർപ്പങ്ങൾ എന്നു വിശേഷിപ്പിച്ച ആർ.എസ്.എസിന്റെ ആദ്യ സർ സംഘ് ചാലകായ ഹെഡ്‌ഗേവറിനെ വീരപുത്രൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ളവർ രംഗത്തെത്തി. ആ വിമർശനപ്പെരുമഴയിൽ ആർ.എസ്.എസ് ആസ്ഥാനത്ത് അദ്ദേഹം ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും നടത്തിയ പ്രസംഗം മുങ്ങിപ്പോയി.ആർ.എസ്.എസിനെ അതിന്റെ മടയിൽ ചോദ്യം ചെയ്യാനുള്ള അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്തിയവരുമുണ്ട്. പ്രധാനമന്ത്രിപദം എന്ന സ്വപ്നം തനിക്കു നിഷേധിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള പ്രണബിന്റെ മധുരപ്രതികാരമാണ് അതെന്നും വ്യാഖ്യാനമുണ്ടായി. എന്നാൽ തനിക്കു പറയേണ്ടത് താൻ കൃത്യമായി പറഞ്ഞുവെന്ന കാര്യത്തിൽ പ്രണബ് അടിയുറച്ചു നിന്നു. 2012 ൽ സോണിയാ ഗാന്ധിയുടെ ഇഷ്ടക്കേട് മറികടന്ന് ശിവസേനാ നേതാവ് ബാൽതാക്കറെയുമായി കൂടിക്കാഴ്ച നടത്തിയതു പോലെ.

ബംഗാൾ കടുവ, മറാത്ത കടുവയെ കണ്ടപ്പോൾ

2012ൽ രാഷ്ട്രപതി പദത്തിൽ എത്തുന്നതിനു മുമ്പായിരുന്നു ആ കൂടിക്കാഴ്ച. അന്ന് കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി,​ 'പറ്റുമെങ്കിൽ ഒഴിവാക്കൂ' എന്നു പറഞ്ഞിട്ടും പ്രണബ് തീരുമാനത്തിൽ ഉറച്ചുനിന്നു. മുംബയ് വിമാനത്താവളത്തിൽ നിന്ന് താക്കറെയുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ എൻ.സി.പി നേതാവ് ശരത് പവാറിനോട് അഭ്യർത്ഥിച്ചു. അങ്ങനെ ശിവസേനാ ആസ്ഥാനമായ 'മാതോശ്രീ'യിൽ ചരിത്രപ്രസിദ്ധമായ ആ കൂടിക്കാഴ്ച നടന്നു.

ഊഷ്മളമായിരുന്നു ആ കണ്ടുമുട്ടലെന്ന് പിന്നീട് പ്രണബ് മുഖർജി ആത്മകഥയിലെഴുതി. 'വിഭാഗീയതയുടെ രാഷ്ട്രീയത്തിന്റെ വക്താവായാണ് എനിക്ക് ബാൽ താക്കറെയെ അറിയാമായിരുന്നത്. പക്ഷേ, അതേസമയം സാമ്പ്രദായികവഴി അവഗണിച്ച് എന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു എന്നത് എനിക്ക് മറക്കാനാകില്ല. അതിന് നന്ദി പറയേണ്ടത് എന്റെ ചുമതലയായിരുന്നു'! റോയൽ ബംഗാൾ ടൈഗറിനെ, മറാത്താ ടൈഗർ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ബാൽ താക്കറെയുടെ തമാശ കലർന്ന മറുപടി.

പിറ്റേന്ന് ഡൽഹിയിൽ എത്തിയ ഉടൻ ഗിരിജാ വ്യാസ് വിളിച്ച്,​ സോണിയാ ഗാന്ധിയും അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബാൽ താക്കറെയുമായുള്ള തന്റെ കൂടിക്കാഴ്ചയിൽ അസുന്തഷ്ടരാണെന്ന് അറിയിച്ചതായും പ്രണബ് പുസ്തകത്തിൽ പറയുന്നുണ്ട്.