തിരുവനന്തപുരം: ഞാൻ ഉൾപ്പെടെ 23 നേതാക്കൾ ഒപ്പിട്ട് നൽകിയ കത്ത് സോണിയാ ഗാന്ധിക്കോ രാഹുൽഗാന്ധിക്കോ എതിരായിട്ടുള്ളതല്ലെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി.ജെ കുര്യൻ. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേ ആ കത്തിനുള്ളൂ. സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. രാഹുൽഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാതെ നിൽക്കുകയാണ്. ഇത് പാർട്ടിയിൽ സൃഷ്‌ടിച്ചിരിക്കുന്ന അനിശ്ചിതാവസ്ഥ വളരെ വലുതാണ്. അത് പരിഹരിക്കുക എന്ന ലക്ഷ്യം മാത്രമേ ഞങ്ങൾ അയച്ച കത്തിനുള്ളൂ. ആറ് മാസത്തിനകം പ്ലീനറി സമ്മേളനം നടത്തി പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുമെന്ന് കത്ത് ചർച്ച ചെയ്‌ത ശേഷം എ.ഐ.സി.സി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അർത്ഥം ആ കത്തിന് ഫലമുണ്ടായി എന്നാണ്. അതിൽ ഞാൻ സംതൃപ്‌തനാണ്. പി.ജെ കുര്യൻ 'ഫ്ലാഷി'നോട് സംസാരിക്കുന്നു.
എനിക്കെതിരെ ആക്രമണമില്ല
സമൂഹ മാദ്ധ്യമങ്ങളിലോ പാർട്ടിയ്‌ക്കകത്തോ ശശിതരൂർ നേരിടുന്നത് പോലുള്ള ആക്രമണം ഞാൻ നേരിടുന്നില്ല. കാരണം എന്റെ നിലപാട് എന്താണെന്ന് ഞാൻ രാഷ്ട്രീയകാര്യ സമിതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് എനിക്കെതിരെ പാർട്ടിക്കാർക്ക് അഭിപ്രായം പറയാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. വ്യത്യസ്‌ത അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. കൊടിക്കുന്നിലിനും ഗുലാം നബി ആസാദിനും ഒക്കെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്നത് അവർ കോൺഗ്രസിൽ ആയതുകൊണ്ടാണ്. പ്രവർത്തക സമിതി എടുത്ത തീരുമാനമാണ് നടപ്പാകാൻ പോകുന്നത്. ബാക്കിയെല്ലാം അഭിപ്രായങ്ങളാണ്. കൊടിക്കുന്നിൽ പറഞ്ഞത് അഭിപ്രായം മാത്രമാണ്. അഭിപ്രായങ്ങളും തീരുമാനങ്ങളും രണ്ടും രണ്ടാണ്.
ദുർബലാവസ്ഥ മാറ്റിയെടുക്കണം
സംഘടനാ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പാർട്ടി അമ്പത് വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗുലാംനബി ആസാദ് പറഞ്ഞത്. അതിനെപ്പറ്റി അഭിപ്രായം പറയാൻ ഞാനില്ല. കാരണം ആറ് മാസത്തിനകം അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് പാർട്ടി തീരുമാനം. തത്‌കാലത്തേക്ക് ഒരു ഇടക്കാല അദ്ധ്യക്ഷനെ കണ്ടെത്താൻ നോമിനേഷനാകാം. പക്ഷേ, സ്ഥിരമായി ഒരു അദ്ധ്യക്ഷനെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി മാത്രമേ കണ്ടെത്താവൂ. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. പാർട്ടിയുടെ ഇപ്പോഴത്തെ ദുർബലമായ അവസ്ഥ മാറ്റിയെടുക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നത് അജണ്ടയിൽ വച്ച് വിശദമായ ചർച്ച ചെയ്ത് പ്രവർത്തകസമിതി തീരുമാനിക്കണം. പ്ലീനറി സമ്മേളനം നടക്കുമ്പോൾ അവിടെയും ചർച്ച നടക്കണം. അതിനുള്ള പരിഹാരം എന്താണെന്ന് ഞാൻ പറയുന്നില്ല. അഞ്ഞൂറിലധികം എ.ഐ.സി.സി മെമ്പർമാരിൽ ഒരാൾ മാത്രമാണ് ഞാൻ.
സോണിയ തെളിയിച്ചു
സോണിയാ ഗാന്ധി നല്ലൊരു അദ്ധ്യക്ഷയാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അവർ അത് തെളിയിച്ചിട്ടുമുണ്ട്. കോൺഗ്രസിൽ ലഭ്യമായ നേതാക്കളിൽ രാഹുൽഗാന്ധിയാണ് മെച്ചം. അതുകൊണ്ടുതന്നെ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു അദ്ധ്യക്ഷൻ വരുന്നത് അയോഗ്യതയൊന്നുമല്ല.
തരൂരിനെ ആക്രമിക്കേണ്ട കാര്യമില്ല
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ശശിതരൂർ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പറഞ്ഞു. പക്ഷേ, പാർട്ടിക്ക് മറ്റൊരു അഭിപ്രായമുണ്ട്. ശശി തരൂർ സ്വീകരിച്ച നിലപാട് കോൺഗ്രസിനകത്തുള്ള ആഭ്യന്തര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കരുതിയാൽ മതി. എന്നാൽ, പാർട്ടിയുടെ തീരുമാനമേ നടക്കൂ. വ്യക്തികളുടെ അഭിപ്രായങ്ങളല്ല നടപ്പാക്കപ്പെടുക. വിമാനത്താവള വിഷയത്തിൽ കെ.പി.സി.സി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതാണ് പാർട്ടി നിലപാട്. തരൂരിന്റെ നിലപാടിന് അവിടെ പ്രസക്തിയില്ല. എന്നു കരുതി അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യമില്ല.
പാർട്ടി പറയട്ടെ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്നത് പാർട്ടിയും അതിനുശേഷം യു.ഡി.എഫും തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന കാര്യം ഞാൻ ആലോചിച്ചിട്ടില്ല. മത്സരിക്കാൻ പാർട്ടി പറയുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം.