ടോക്കിയോ: റോഡിലെ തിരക്കിൽ ഇഴഞ്ഞുനീങ്ങുമ്പോൾ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാൻ കഴിഞ്ഞാലോ..? വെറുതേ മോഹിപ്പിക്കല്ലേ എന്നാവും ചിന്തിക്കുക. എന്നാൽ, കേട്ടോളൂ.. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾതന്നെ പറന്നുയരാൻ കഴിയുന്ന 'പറക്കും കാറുകൾ' യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ജപ്പാനിൽ നിന്നുള്ള വർത്തമാനം. ജപ്പാനിലെ 'സ്കൈ ഡ്രൈവ് ഇൻകോർപ്പറേഷൻസ്' പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് കഴിഞ്ഞ ദിവസം പരീക്ഷിച്ചു. ഒരു യാത്രക്കാരനും ഉണ്ടായിരുന്നു. കാണാൻ ബൈക്ക് പോലിരിക്കും ഇത്. ജപ്പാനിലെ ടൊയോട്ടോയുടെ ടെസ്റ്റ് ഫീൽഡിലായിരുന്നു എസ്.ഡി- 03 കാറിന്റെ വിജയകരമായ പരീക്ഷണ പറക്കൽ. പൂർണമായും ഇരുമ്പ് വല കെട്ടിയ ഫീൽഡിനുള്ളിലായിരുന്നു പരീക്ഷണ പറക്കൽ. നാല് മിനിട്ട് ചുറ്റിപ്പറന്ന ശേഷം കാർ സുരക്ഷിതമായി ലാൻഡ് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫാണ് ഈ കാർ നടത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേകത
ബൈക്ക് പോലെ തോന്നിക്കും
നീളം 3.9 മീറ്റർ, വീതി 3.7 മീറ്റർ, ഉയരം 1.3 മീറ്റർ
ഇരുവശത്തും രണ്ട് ചിറകുകൾ (പ്രൊപ്പല്ലറുകൾ)
പ്രൊപ്പല്ലറുകൾക്ക് രണ്ട് മീറ്റർ വരെ നീളം
പറക്കൽ ശേഷി 10 മിനിട്ട്
പരീക്ഷണത്തിൽ പറന്നത് നാല് മിനിട്ട്
30 മിനിട്ട് വരെ പറക്കാൻ കഴിയുന്ന തരത്തിൽ രൂപപ്പെടുത്താം
ജപ്പാൻ ഒറ്റയ്ക്കല്ല
പറക്കും കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള മത്സരത്തിൽ ജപ്പാൻ തനിച്ചല്ല. ദുബായ്, സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ സ്വപ്‌നവുമായി നടക്കുന്നവരാണ്. കൂടാതെ ഗൂഗിൾ സഹ സ്ഥാപകൻ ലാറി പേജിന്റെ കിറ്റി ഹോക്ക് കോർപറേഷനും അമേരിക്കൻ റൈഡ് ഹെയ്ലിംഗ് കമ്പനിയായ യൂബർ ടെക്നോളജീസ് ഇൻകോർപറേറ്റഡും പറക്കും കാർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.