station

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അനിയന്ത്രിതമായ വിലവർദ്ധനവിൽ നിന്ന് പരിഹാരമായും അന്തരീക്ഷ മലിനീകരണമില്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങളുടെ യുഗം മുന്നിൽകണ്ട് സംസ്ഥാനത്ത് അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി 250 ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കും. വൈദ്യുതി ബോർഡാണ് ഇതിന്റെ നോഡൽ ഏജൻസി.

എല്ലാ ജില്ലകളിലുമായി 250 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജിംഗ് ശൃംഖല തന്നെ കെ.എസ്.ഇ.ബി സ്ഥാപിക്കും. കെ.എസ്.ഇ.ബിയ്ക്ക് സ്വന്തമായി സ്ഥലമില്ലാത്ത ഇടങ്ങളിൽ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ സ്ഥലത്തോ,​ സ്വകാര്യ ഏജൻസികളുടെ സ്ഥലങ്ങളിലോ ആകും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

'പൈലറ്റിൽ' തുടങ്ങി മൂന്ന് ഘട്ടം

പൈലറ്റ്, കവറേജ്, സ്‌കെയിലിംഗ് എന്നീ മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമായ പൈലറ്റിലുൾപ്പെടുത്തിയാണ് കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്വന്തം സ്ഥലത്ത് കെ.എസ്.ഇ.ബി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. 12 കോടിയാണ് ഇതിന് ചെലവിടുക. ആദ്യ സ്റ്റേഷൻ തിരുവനന്തപുരം നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂർത്തിയായിരുന്നു. 80 കിലോവാട്ട് ശേഷിയുള്ള ഈ സ്റ്റേഷനിൽ ഒരേ സമയം മൂന്ന് കാറുകൾ ചാർജ് ചെയ്യാനാവും. 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയാണ് ബാറ്ററി പൂർണമായും ചാർജാകാൻ വേണ്ട സമയം. ഭാഗികമായോ നിശ്ചിത തുകയ്‌ക്കോ ചാർജ് ചെയ്യാം. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഈ സ്റ്റേഷനുകളിൽ ലഭ്യമായിരിക്കും. കവറേജ് ഘട്ടത്തിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്‌റ്റേഷനുകൾ ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്‌റ്റേഷനുകൾ നിർമിക്കുന്നതാണ് സ്‌കെയിലിംഗ് ഘട്ടം. ദേശീയപാതയിൽ 25 കിലോമീറ്റർ ഇടവിട്ടും നഗരങ്ങളിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലും ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും.

യൂണിറ്റിന് അഞ്ചുരൂപ

വ്യക്തികളോ സംരംഭകരോ അവരുടെ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാൽ അവർക്ക് യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വൈദ്യുതി നൽകാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമധാരണ ആകുന്നതേയുള്ളൂ. .

ഭൂമിയുടെ വിലയൊഴികെ ശരാശരി 15 ലക്ഷം രൂപ ചെലവിൽ ഒരു ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനാവും. ഇവിടെ മൂന്നോ നാലോ വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാം. എന്നാൽ, കൂടുതൽ വാഹനങ്ങൾ ചാർജ് ചെയ്യാവുന്നതും പാർക്കിംഗ് പ്രദേശം കൂടുതൽ വേണ്ടതുമായ സ്‌റ്റേഷനുകൾക്ക് ചെലവേറും.

10 ലക്ഷം വൈദ്യുത വാഹനങ്ങൾ

2022ഓടെ സംസ്‌ഥാനത്ത് പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചത്. രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, 50,000 ത്രീ വീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ തുടങ്ങിയവയായിരിക്കും വൈദ്യുത ശ്രേണിയിൽ പുറത്തിറക്കുക. പൊതുഗതാഗത രംഗത്ത് 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള നഗരമായി തലസ്ഥാന നഗരത്തെ മാറ്റും. സംസ്‌ഥാനത്ത് വൈദ്യുത വാഹന മേഖലകളും (ഇ.വി സോണുകൾ) പരിഗണനയിലാണ്.