തിരുവനന്തപുരം: സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇനിമുതൽ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. നേരത്തെ ആന്റിജൻ പരിശോധനയ്ക്കൊപ്പം ആർ.ടി പി.സി.ആർ പരിശോധനയും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. അതേസമയം രോഗവ്യാപനം കൂടുതലുള്ള ക്ളസ്റ്ററുകളിൽ പരിശോധനകൾ കൂട്ടുന്നതിന് പകരം സെന്റിനൽ സർവെയ്ലൻസ് പരിശോധനയിൽ ഇത്തരം ക്ളസ്റ്ററുകളെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇതിന് പകരമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും എല്ലാ ആഴ്ചയും തുടർച്ചയായി പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
65% ആന്റിജൻ പരിശോധന
സംസ്ഥാനത്ത് ദിവസേന നടക്കുന്ന കൊവിഡ് പരിശോധനകളിൽ 65 ശതമാനവും ആന്റിജൻ ടെസ്‌റ്റാണ്. സെന്റിനൽ സർവെയ്‌ലൻസ് പരിശോധനകളിൽ ഇത് 5 ശതമാനമാണ്. ആന്റിജൻ പരിശോധനകളുടെ ഫലത്തിൽ നേരത്തെ തന്നെ വിദഗ്ദ്ധർ സംശയം ഉന്നയിച്ചിട്ടുള്ളതാണ്. എന്നിട്ടും സർക്കാർ ആന്റിജൻ പരിശോധനകളുമായി മുന്നോട്ട് പോകുകയായിരുന്നു.
ടി.പി.ആർ ഉയരുന്നു
കേരളത്തിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് (ടി.പി.ആർ) ഇപ്പോൾ കൂടുന്ന സ്ഥിതിയാണുള്ളത്. . കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞത് കൊവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടല്ലെന്നും മറിച്ച് പരിശോധനകൾ കുറഞ്ഞതു കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ സാഹചര്യത്തിലാണ്. 100 പേരുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ടി.പി.ആർ കണക്കാക്കുന്നത്. നിലവിൽ 6- 7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. ജൂണിൽ ഇത് രണ്ടിൽ താഴെയായിരുന്നു.14 ദിവസം ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ നിന്നാലെ രോഗബാധയുള്ള പ്രദേശം തുറന്നു കൊടുക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.
പ്രതിദിന പരിശോധന 50,000 ആക്കും
ഈ മാസം കൊവിഡിന്റെ പ്രതിദിന പരിശോധന 50,000ൽ എത്തിക്കുകയാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് സാമൂഹ്യസമ്പർക്കം ഉയർന്ന സാഹചര്യത്തിൽ ജലദോഷ പനിയുള്ളവരെ ഉൾപ്പടെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. അതിനാൽ അടുത്തമാസം രോഗികളുടെ എണ്ണം ഉയരുകയും ചെയ്യും. ടി.പി.ആർ ഉയർന്ന സാഹചര്യത്തിൽ 65,000 പരിശോധനകൾ പ്രതിദിനം നടത്തണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
ആന്റിജൻ പരിശോധന
കൊവിഡ് രോഗനിർണയം എളുപ്പത്തിൽ സാദ്ധ്യമാകുന്ന പരിശോധനയാണ് ആന്റിജൻ ടെസ്റ്റ്. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയാൽ ഫലം ലഭിക്കാൻ 7 ദിവസമെടുക്കുമ്പോൾ 30 മിനിട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജൻ ടെസ്റ്റിന്റെ മേന്മ. എന്നാൽ, ഫലത്തിന്റെ കൃത്യത സംശയനിഴലിലാണ്. കൊവിഡ് വൈറസിന്റെ പ്രോട്ടീൻ എന്ന പുറംഭാഗമാണ് ആന്റിജൻ ടെസ്റ്റ് വഴി പരിശോധിക്കുന്നത്. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വഴി പരിശോധിക്കുന്നത് വൈറസിന്റെ ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗമാണ്. ആന്റിജൻ ടെസ്റ്റ് നടത്താൻ മൂക്കിലെ സ്രവമാണ് ശേഖരിക്കുക. തൊണ്ടയിലെ സ്രവമാണ് ആർ.ടി.പി.സി.ആർ ടെസ്‌റ്റിനായി ശേഖരിക്കുന്നത്.