ന്യൂഡൽഹി: 84ാം വയസിൽ പ്രണബ് കുമാർ മുഖർജി വിടപറയുമ്പോൾ കോൺഗ്രസിന് നഷ്ടപ്പെട്ടത് തന്ത്രശാലിയും വിദഗ്ദ്ധനുമായ ഒരു വ്യക്തിയെയാണ്. രാഷ്ട്രീയത്തിലെ ലിറ്റിൽ മാസ്റ്റർ എന്നും എല്ലാക്കാലത്തേയും നേതാവ് എന്നുമൊക്കെ പ്രണബ് കോൺഗ്രസ് നേതാക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നു. ഇന്ത്യ കണ്ട ഏറ്റവും ബഹുമാന്യരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു പ്രണബ് ദാ എന്ന് നേതാക്കൾ സ്‌നേഹപൂർവം വിളിച്ചിരുന്ന പ്രണബ് മുഖർജി.
ഇന്ദിരാഗാന്ധിയ്ക്ക് പിന്നിൽ അടിയുറച്ചുനിന്നിരുന്ന പ്രണബ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് 'മാൻ ഒഫ് ആൾ സീസൺസ്' എന്നായിരുന്നു. മാത്രമല്ല പലപ്പോഴും കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സർക്കാരിന്റെ ആപത്ബാന്ധവനും പ്രണബായിരുന്നു. പാർട്ടി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പരിഹാരവുമായി പ്രണബ് എത്തുമായിരുന്നു.
ഇന്ദിരയുടെ മരണവും പ്രണബിന്റെ പുറത്താക്കലും
1984ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രണബിനെ പുകച്ചുചാടിക്കാൻ കോൺഗ്രസിൽ കരുനീക്കമുണ്ടായതും പിന്നീട് അത് സംഭവിച്ചതും ചരിത്രം. ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടിയും വന്നു പ്രണബിന്. ഇലസ്ട്രേറ്റഡ് വീക്കിലിയിലെ വിവാദ അഭിമുഖത്തിന്റെ പേരിൽ 1986ലാണ് പ്രണബിനെ രാജീവ് ഗാന്ധി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. പിന്നാലെ പ്രണബ് രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. കോൺഗ്രസിലെ അസംതൃപ്തരായ മറ്റ് നേതാക്കളും പ്രണബിനൊപ്പം ചേർന്നു. എന്നാൽ 1987ലെ ബംഗാൾ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. പിന്നീട് രാജീവിനും പ്രണബിനുമിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ഒഡിഷയിലെ കോൺഗ്രസ് നേതാവായ സന്തോഷ് മോഹൻ ദേവും ഷീല ദീക്ഷിത്തും ഇടപെട്ടു. 1988ൽ ത്രിപുര തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് പ്രണബ് കോൺഗ്രസിൽ തിരിച്ചെത്തി.
ദീർഘവീക്ഷണമുള്ള ധനമന്ത്രി
ധനമന്ത്രിയായി പ്രണബ് കാഴ്ചവച്ചത് തിളക്കമാർന്ന ഒരു ഇന്നിംഗ്സായിരുന്നു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്)യിൽ നിന്ന് വായ്‌പയായി ലഭിച്ച തുകയുടെ അവസാന ഗഡുവായ 8000 കോടി രൂപ തിരിച്ചുനൽകി പ്രണബ് ലോകത്തെ അമ്പരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. വിധവകൾക്കായി എൻ.ആർ.ഐ നിക്ഷേപം തുടങ്ങിയ അദ്ദേഹം വിദേശ ഫണ്ടുകളുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിൽ അനിഷേദ്ധ്യമായ പങ്കാണ് വഹിച്ചത്. സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖർജിയുടെ ശുപാർശയിന്മേലാണ്. 1980കളിൽ ഡൽഹിയിലെ രണ്ടാമനായിരുന്ന പ്രണബ്, ഇന്ദിരയുടെ അസാന്നിദ്ധ്യത്തിൽ മന്ത്രിസഭായോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക വരെ ചെയ്തു. 'പ്രണബിന്റെ വായിൽ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോൺഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയിൽ പോകില്ല' എന്ന് അദ്ദേഹത്തെ കുറിച്ചുള്ള ഇന്ദിരയുടെ വാചകം തന്നെ പ്രണബ് എത്രത്തോളം വിശ്വസ്തനായിരുന്നെന്നതിനുള്ള മായാത്ത തെളിവാണ്.
ഇടതുപക്ഷവുമായി ചേർന്നുള്ള ഒന്നാം യു.പി.എ സർക്കാരിൽ ഇവർക്കിടയിലെ ബന്ധം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതും പ്രണബായിരുന്നു. അമേരിക്കയുമായി ആണവ കരാർ ഒപ്പിടാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം യു.പി.എയ്ക്കുള്ള പിന്തുണ പിൻവലിച്ചപ്പോൾ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിലും പ്രണബിന്റെ രാഷ്ട്രീയ പരിചയസമ്പത്തും കൗശലവും കോൺഗ്രസിന് തുണയായി. ഭരണപരിഷ്‌കാരം, വിവരാവകാശം, തൊഴിലെടുക്കാനുള്ള അവകാശം, ഭക്ഷ്യസുരക്ഷ ഊർജ സുരക്ഷ, വിവരസാങ്കേതിക വിദ്യയും ടെലികമ്മ്യൂണിക്കേഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, മെട്രോ റെയിൽ എന്നിവയിലെല്ലൊം പ്രണബിന്റെ കൈയൊപ്പുണ്ട്. 1975ൽ ഗ്രാമീണ മേഖലയിൽ പ്രാദേശിക ബാങ്കുകൾ ആരംഭിച്ചതിലും 1981ൽ നബാർഡ് ആരംഭിച്ചതിന് പിന്നിലും പ്രണബിന്റെ ബുദ്ധിയും ദീർഘവീക്ഷണവുമായിരുന്നു.